07 August, 2016 10:18:28 AM
രാധിക സ്വയം പണിതുയര്‍ത്തുന്നു, തന്‍റെ സ്വപ്നഭവനം
കുമരകം കായല്‍പ്രദേശത്ത് ആറ്റുതീരത്തിനരികെയുള്ള അഞ്ച് സെന്‍റ് സ്ഥലത്ത് താനും ഭര്‍ത്താവും സ്വപ്നം കാണുന്ന വീട് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് രാധിക. എട്ട് വര്‍ഷം മുമ്പ് അഭ്യസിച്ചു തുടങ്ങിയ മേസ്തിരിപണി ഇപ്പോള്‍ സ്വന്തം വീടു പണിയുന്നതില്‍ സഹായകമായിരിക്കുകയാണ് കുമരകം പത്തുപങ്ക് പുതുവേലില്‍ രാധികയ്ക്ക്
വീടിന്‍റെ അടിത്തറ വരെയുള്ള പണികള്‍ തീര്‍ന്നു. കായല്‍പ്രദേശമായതിനാല്‍ പൈല്‍ അടിച്ചുവേണമായുിരുന്നു പണികള്‍ ആരംഭിക്കാന്‍. മുളകള്‍ ഉപയോഗിച്ച് പൈല്‍ അടിക്കുന്ന ജോലികളും രാധിക തന്നെ ചെയ്തു. അതിന് മുകളില്‍ ബെല്‍റ്റ് വാര്‍ത്ത ശേഷം വീടിന്‍റെ അടിത്തറ സിമന്‍റ് കട്ടകള്‍ ഉപയോഗിച്ചു കെട്ടിപൊക്കി. സഹായത്തിന് ഭര്‍ത്താവ് പ്രകാശനും ഒപ്പമുണ്ട്. മൂന്ന് മുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്നതാണ് രാധിക പണിയുന്ന വീട്.
വീടിന്‍റെ കമ്പി പണികള്‍ക്കും മരപണികള്‍ക്കും മാത്രമാണ് രാധിക മറ്റുള്ളവരുടെ സഹായം തേടുന്നത്. കമ്പി വളയ്ക്കുന്നതും കെട്ടുന്നതും ഉപ്പെടെയുള്ള ജോലികള്‍ ചെയ്യുമെങ്കിലും ഒരാളുടെ കൂടി സഹായം ആവശ്യമാണ്. എട്ട് വര്‍ഷം മുമ്പ് മഴവെള്ളസംഭരണി നിര്‍മ്മിക്കുന്നതിന് കുമരകം പഞ്ചായത്തില്‍ നിന്നും പരിശീലനത്തിനയച്ച 27 പേരില്‍ ഒരാളായിരുന്നു രാധിക. ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള അര്‍ച്ചന വിമന്‍സ് സെന്‍ററിലായിരുന്നു പരിശീലനം. ഇത് രാധികയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.
മഴവെള്ള സംഭരണി നിര്‍മ്മിക്കുവാന്‍ കയ്യിലേന്തിയ കുലശേഖരും മുഴക്കോലും തൂക്കുകട്ടയും തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുവാന്‍ രാധിക തീരുമാനിച്ചു. ഭര്‍ത്താവ് പ്രകാശ് രാധികയ്ക്ക് വേണ്ട ധൈര്യം പകര്‍ന്നു. അങ്ങനെ രാധിക അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള വനിതാ മേസ്തിരി കൂട്ടായ്മയിലെ അംഗമായി മാറി. അര്‍ച്ചന വിമന്‍സ് സെന്‍ററിന്‍റെ അമരക്കാരി ത്രേസ്യാമ്മ മാത്യുവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തനിക്ക് ഏറെ ഗുണം ചെയ്തുവെന്ന് രാധിക പറയുന്നു.
മഴവെള്ളസംഭരണിയുടെ പണികള്‍ക്കു പിന്നാലെ ആദ്യം അഭ്യസിച്ചത് കരിങ്കല്ല് കൊണ്ട് മതിലും തറയും കെട്ടലാണ്. അതിന് ശേഷം വെട്ടിമുകളില്‍ അര്‍ച്ചനാ വിമന്‍സ് സെന്‍ററിന് വേണ്ടി പുതിയ ഇരുനിലകെട്ടിടം പണിതപ്പോള്‍ അതിലും ഭാഗഭാക്കായി.ഒരു സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ രാധിക ഉള്‍പ്പെടെയുള്ള നാല് വനിതകളാണ് ആ കെട്ടിടത്തിന്‍റെ മേസ്തിരിപണി മുഴുവന്‍ തീര്‍ത്തത്. ഇതേ തുടര്‍ന്ന് അതിരമ്പുഴ നാല്‍പാത്തിമലയില്‍ രണ്ടും കൈപ്പുഴയില്‍ നാലും വീടുകള്‍ ഈ സംഘം തന്നെ പണിതു. ഇന്ദിര, മായാകൊച്ചുമോന്‍, വത്സലാ തോമസ് എന്നീ വനിതകളാണ് രാധികയോടൊപ്പം വീടുപണികളില്‍ ഉണ്ടായിരുന്നത്. ഇതിനിടെ ഇവര്‍തന്നെ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്തും ആലുവായിലുമായി ആറ് വില്ലകളുടെ പണിയും പൂര്‍ത്തീകരിച്ചു. ഇതിനിടെ ന്യൂയോര്‍ക്കില്‍ ത്രേസ്യാമ്മ മാത്യുവിനോടൊപ്പം ഒരു ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും പാസ്പോര്‍ട്ട് ലഭിക്കാനുണ്ടായ കാലതാമസം മൂലം പൊകാനാവാതെ വ്നനത് രാധിക ദു:ഖത്തോടെ ഓര്‍ക്കുന്നു.
താന്‍ തൊഴിലഭ്യസിച്ച അര്‍ച്ചന വിമന്‍സ് സെന്‍ററില്‍ നിന്നാണ് വീടുപണിക്കുള്ള സിമന്‍റ് കട്ടകള്‍ രാധിക വാങ്ങിയത്. ഐ എ വൈ സ്കീമില്‍ വീടു പണിക്ക് 2 ലക്ഷം രൂപാ കിട്ടിയിരുന്നു. തറകെട്ടി മണ്ണ് നിറച്ചപ്പോള്‍ തന്നെ ഈ തുക തീര്‍ന്നു. വെള്ളം കയറുന്ന സ്ഥലമായതിനാല്‍ തറ നന്നായി പൊക്കി കെട്ടേണ്ടി വന്നു. കായലില്‍ നിന്നുമുള്ള മണ്ണ് ഒരു വള്ളത്തിന് 5750 രൂപാ നിരക്കിലാണ് ഇറക്കിയത്.
ഇതിനിടെ സ്വന്തം നാട്ടില്‍ മറ്റ് മേസ്തിരിമാരോടൊപ്പവും രാധിക പണിക്ക് പോയി തുടങ്ങി. നാട്ടില്‍ തനിക്ക് 750 രൂപാ തച്ച് ലഭിക്കുന്നുണ്ടെന്ന് രാധിക പറയുന്നു. കുമരകത്ത് രാധിക താമസിക്കുന്നതിനടുത്ത് തന്നെ രണ്ട് മുറികളോടുകൂടിയ ചെറിയൊരു വീടിന്‍റെ പണിയും ഇതിനിടെ ലഭിച്ചു. അതിന്‍റെ മുഴുവന്‍ ജോലികളും രാധികയും കൂട്ടുകാരി മായയും ചേര്‍ന്നാണ് തീര്‍ത്തത്. ഭര്‍തൃസഹോദരന്‍ പ്രസാദിന്‍റെ വീട് പണിയിലും രാധികയുടെ കൈകളുണ്ട്. പിറവത്ത് പട്ടികജാതിക്കാര്‍ക്കു വേണ്ടി പണിയുന്ന 80 വീടുകളുടെ മേസ്തിരി പണിയ്ക്ക് രാധികയെയും വിളിച്ചിട്ടുണ്ട്. അതിന്‍റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. പക്ഷെ ആ പണിക്ക് പോകും മുമ്പ് തന്‍റെ വീടുപണി തീര്‍ക്കാനുള്ള ധൃതിയിലാണ് രാധികയിപ്പോള്‍.
ചമ്പ്കുളം കണ്ടംകരി സ്വദേശിനിയാണ് രാധിക. പ്രകാശ് - രാധിക ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ്. എസ്.എസ്.എല്‍.സിവിദ്യാര്‍ത്ഥിയായ നയനയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഥിനും.