22 August, 2019 07:06:49 AM
നിര്‍മാണ സാമഗ്രികളുടെ വില മൂന്നിരട്ടിയായി; കെട്ടിടനിർമ്മാണമേഖല സ്തംഭനത്തിലേക്ക്
കോട്ടയം: നിര്‍മാണ സാമഗ്രികള്‍ക്കു കൊള്ളവില. എം.സാന്‍ഡ്, പാറപ്പൊടി, മെറ്റല്‍ എന്നിവ മൂന്നിരട്ടിയിലേറെ രൂപയ്‌ക്കാണ് ഇടനിലക്കാര്‍ വില്‍ക്കുന്നത്. സംസ്‌ഥാനത്ത് കരിങ്കല്ല് ഖനനം നിരോധിച്ചതോടെ ക്രഷറുകളിലും യാര്‍ഡുകളിലും ശേഖരിച്ചിരുന്ന കരിങ്കല്ലിനും മറ്റ് അനുബന്ധ സാമഗ്രികള്‍ക്കും വില കുത്തനെ ഉയര്‍ത്തിയിരുന്നു. അതോടെ നിര്‍മാണ മേഖല പൂര്‍ണമായും സ്‌തംഭിച്ചു.
മെറ്റല്‍, ഹോളോബ്രിക്‌സ്, സോളിഡ് ബ്രിക്‌സ്, എം. സാന്‍ഡ് തുടങ്ങിയവയുടെ വില കുതിക്കുയാണ്. ലൈസന്‍സ് പുതുക്കാത്തതിനാല്‍ ചെറുകിട പാറമടകളുടെ പ്രവര്‍ത്തനം കുറഞ്ഞതോടെ കരിങ്കല്ലിനും മെറ്റലിനും ക്ഷാമം അനുഭവപ്പെടുന്നതും വില ഉയരാന്‍ കാരണമായി. ഇതു കൂടാതെയാണു പ്രളയത്തിന്‍റെ പേരിലുള്ള കൊള്ളയും. മണലിന് പകരം ഉപയോഗിക്കുന്ന എം.സാന്‍ഡിന്‍റെ വില കുത്തനെ വര്‍ധിപ്പിച്ചതാണ് ഏറ്റവും അടിയായത്. കമ്പനികള്‍ തോന്നിയ വിലയ്‌ക്കാണ് നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്നത്.
എം. സാന്‍ഡിന്‍റെ ലഭ്യതക്കുറവു മൂലം ഹോളോ ബ്രിക്‌സ്, സോളിഡ് ബ്രിക്‌സ് എന്നിവയുടെ വിലയും ഉയര്‍ന്നു. ആറു മാസം മുമ്പ് ആറ് ഇഞ്ചിന്റെ സോളിഡ് ബ്രിക്ക് ഒന്നിനു 30 രൂപയായിരുന്നു. ഇപ്പോള്‍ 30 ശതമാനം വില വര്‍ധിച്ചു 36 മുതല്‍ 38 രൂപ വരെയായി. സിമന്റ് വില ഇനിയും ഉയരുമെന്നാണ് അഭ്യൂഹം. നിര്‍മാണ ചെലവില്‍ 55 ശതമാനം വരെ വര്‍ധനയായി. ഖനനം പുന:സ്‌ഥാപിച്ചാലും സര്‍ക്കാര്‍ ഇടപെടലില്ലാതെ കൂട്ടിയ വില താഴ്‌ത്താന്‍ ഇടനിലക്കാര്‍ തയാറാകില്ല.
പാറമടയുമായി ബന്ധപ്പെട്ട നിര്‍മാണ സാമഗ്രികളുടെ വില പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും:
എം.സാന്‍ഡ് (അടിക്കണക്ക്) : 55 രൂപ (110 മുതല്‍ 120 വരെ)
പി സാന്‍ഡ് : 65 രൂപ (115 മുതല്‍ 130 വരെ)
പാറപ്പൊടി : 36 രൂപ (90 രൂപ മുതല്‍ 100 വരെ)
കരിങ്കല്ല് (ഒരു ലോഡ്/150 അടി) : 5000 (8000 - 9000 രൂപ)