04 June, 2020 06:54:38 PM
സുഭിക്ഷ കേരളം പദ്ധതി: കോട്ടയത്ത് 1177 ഹെക്ടര്‍ തരിശ് ഭൂമിയില്‍ നാളെ കൃഷിക്ക് തുടക്കം
കോട്ടയം: കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് കാര്‍ഷിക ഉത്പാദനത്തിലുണ്ടായ കുറവ് പരിഹരിച്ച് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന തരിശ് കൃഷിക്ക് നാളെ തുടക്കമാകും. 1177 ഹെക്ടര്‍ തരിശ് സ്ഥലത്താണ് കൃഷിയിറക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം കുമാരനല്ലൂര്‍ കൃഷിഭവനു സമീപം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് തരിശ് നിലത്ത് കൃഷി നടപ്പാക്കുന്നത്.
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയ 950 പേരെ കൃഷി ചെയ്യുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 529 ഹെക്ടറില്‍ നെല്ലാണ് കൃഷി ചെയ്യുക. വാഴയും പച്ചക്കറികളും 200 ഹെക്ടറില്‍ വീതവും കിഴങ്ങു വര്‍ഗങ്ങള്‍ 192 ഹെക്ടറിലും വളര്‍ത്തും. ഇതിനു പുറമെ പയര്‍ വര്‍ഗ്ഗങ്ങളും (41.5 ഹെക്ടര്‍),ചെറുധാന്യങ്ങളു(15 ഹെക്ടര്‍)മുണ്ട്. സാമ്പത്തിക സഹായത്തിനു പുറമേ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക-വിപണന സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സലോമി തോമസ് അറിയിച്ചു.