22 November, 2016 09:03:36 PM


പൊരുത്തം നോക്കുന്നതെന്തിന് ? ജ്യോതിഷമെന്നത് ഒരു വഴികാട്ടി



ശ്രീരാമനും ശ്രീകൃഷ്ണനുമൊന്നും പൊരുത്തം നോക്കിയിട്ടല്ലല്ലോ വിവാഹം ചെയ്തിട്ടുള്ളത്. പൂർവികർ ചെയ്യാത്ത ഒരു കാര്യം നമ്മളെന്തിന് അനുഷ്ഠിക്കണം.? ഈയിടെയായി ഇത്തരം ചോദ്യങ്ങൾ വിവാഹപൊരുത്തം നോക്കുന്നതിനെതിരെ ഉയർന്ന് വരുന്നുണ്ട്.


ഒരു ശാസ്ത്രം നിലവിൽ വന്ന് അത് പ്രാവർത്തികമാകുമ്പോൾ കാലം ചെല്ലുംതോറും പുതിയ അറിവുകൾ വർദ്ധിക്കുകയും അതിനനുസരിച്ച് അതിന്റെ വ്യാപ്തിയും ഉപയോഗ മേഖലകളും കൂടുകയും ചെയ്യും. പരസ്പരം ശബ്ദവിനിമയം നടത്താൻ നിർമ്മിച്ച മൊബൈൽ ഫോൺ ഇന്ന് ആ ഒരു ആവശ്യം മാത്രമല്ല നിറവേറ്റി തരുന്നത് എന്ന പോലെ. എല്ലാ ശാസ്ത്രങ്ങളെയുമെന്ന പോലെ ജ്യോതിഷശാസ്ത്രവും പുതിയ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമായി കൊണ്ട് വളർന്നു വന്നത് തന്നെയാണ്. കൃഷിക്ക്‌ അനുകൂലമായ കാലാവസ്ഥകൾ മുൻകൂട്ടി ഗണിച്ചറിയാൻ നമ്മുടെ പൂർവ്വികർ നടത്തിയ നീരീക്ഷണങ്ങൾ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പറ്റിയുള്ള അറിവുകളായി വളർന്നു. നക്ഷത്രങ്ങളെ അളവ് കുറ്റികളാക്കി ഗ്രഹങ്ങളുടെ സഞ്ചാരവഴികളെ കണ്ടെത്തി, അനന്തമായ കാലത്തിന്  അളവ്കോൽ സൃഷ്ടിച്ചെടുക്കാൻ നമ്മുടെ ആചാര്യൻമാർക്ക് കഴിഞ്ഞു.


പരമാണുവായും ദ്യെണുകവുമായും ത്രുടിതല്‍പ്പരകളായും നാഴികവിനാഴികകളായും ദിനമാസവര്‍ഷങ്ങളായും‍ യുഗങ്ങളായും മഹായുഗമായും കല്പമായും ബ്രഹ്മവര്‍ഷമായും മഹാപ്രളയമായും മാറുന്ന അതിബൃഹത്തായ കാലഗണനാപദ്ധതികള്‍ അവർ ചിട്ടപ്പെടുത്തി. മനുഷ്യന്റെ ജീവിതത്തിനോടനുബന്ധിച്ച എല്ലാ കാര്യങ്ങളും ജ്യോതിഷത്തില്‍ ഉൾപെടുത്താൻ ആചാര്യൻ മാർക്ക് കഴിഞ്ഞു. ജനനം മുതൽ മരണം വരെയും, എന്തിന് പൂർവ്വജൻമം പോലും ഗണിച്ചറിയാൻ ഈ ശാസ്ത്രത്തിന് സാധിച്ചു.


ഏത് ആളെ വിവാഹം കഴിച്ചാലാണ് എനിക്ക് ഇത്തരം ഗുണങ്ങൾ ഭാവിയിൽ ഉണ്ടാകുകയെന്ന ചോദ്യത്തിൽ നിന്നാണ് ജാതക പൊരുത്തം എന്ന ആശയം ഉയർന്നു വന്നത്.  നക്ഷത്രപൊരുത്തങ്ങൾ ആചാര്യൻമാർ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു നല്ല വിവാഹ ജീവിതം ഉണ്ടാകാൻ ജ്യോതിഷികൾ നക്ഷത്രപൊരുത്തം മാത്രമല്ല; യുക്തിപൂർവ്വം ജാതകപൊരുത്തം കൂടി നോക്കാൻ തുടങ്ങി. ഈ പരീക്ഷണം വിജയിച്ച് കണ്ടത് കൊണ്ട് തന്നെയായിരിക്കുമല്ലോ സമൂഹത്തിൽ ഇങ്ങിനെയൊരു ആചാരം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നത് .


ജ്യോതിഷം കൊണ്ട് മനുഷ്യരുടെ ജീവിതത്തിൽ  എങ്ങിനെയൊക്കെ നൻമകളുണ്ടാക്കാമെന്ന ചിന്തകൾ ഈ ശാസ്ത്രത്തെ ഫലപ്രവചനശാസ്ത്രമായി വളർത്തി. ഇതെല്ലാം ഒറ്റയടിക്ക് ഉണ്ടായതല്ല. പുതിയ പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായതാണ്. വിവാഹപൊരുത്ത ചിന്തനയും ഇങ്ങിനെ ഉൽഭവിച്ചതാണ്.


വിവാഹമെന്നത് ബ്രാഹ്മം, ദൈവം, ആർഷം, പ്രാജ്യപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം ഇങ്ങിനെ എട്ട് വിധത്തിലുണ്ടായാരുന്നുവെന്ന് സ്മൃതികൾ പറയുന്നു. എങ്കിലും ഇക്കാലത്ത് കൂടുതലും പ്രേമവിവാഹം,അറേഞ്ച്ഡ് മ്യാരേജ് എന്നിവകൾ മാത്രമേയുള്ളൂവെന്ന് തോന്നുന്നു . ഇതിൽ തന്നെ രക്ഷാകർത്താക്കളും ബന്ധുക്കളും ചേർന്ന് തീരുമാനിച്ച് മതആചാരപ്രകാരം നടക്കുന്ന വിവാഹങ്ങൾ (അറേഞ്ച്ഡ് മ്യാരേജ് ) ആണ് അധികവും. ഇത്തരം വിവാഹങ്ങളിലാണ് വിവാഹപൊരുത്തം നോക്കുന്നതും.എന്നാൽ മനപൊരുത്തമുണ്ടായാൽ എല്ലാമായിയെന്ന് വിചാരിച്ച് നടത്തുന്ന പ്രേമവിവാഹങ്ങളിൽ പലപ്പോഴും വിവാഹശേഷം പ്രശ്നങ്ങളിൽ പെടുമ്പോഴാണ് ജാതകങ്ങളുമായി പൊരുത്തം നോക്കാൻ ദമ്പതികൾ ഒരുമിച്ചോ ഒറ്റക്കോ ജ്യോൽസ്യനെ തേടി പോകാറുള്ളത് .


ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട തീരുമാനമാണ് ആരെ വിവാഹം കഴിക്കണമെന്നത്. സൽസന്താനസിദ്ധിയുണ്ടായി തലമുറക്ക് പിന്തുടർച്ചയുണ്ടാക്കുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും ദാമ്പത്യജീവിതത്തിലൂടെ പൂർത്തീകരിക്കാനുള്ളത്. ഒപ്പം നല്ല കുടുംബജീവിതം, സ്വരചേർച്ച,സാമ്പത്തികാഭിവൃദ്ധി, ബന്ധുഗുണം ഇവകളും എല്ലാവരുടെയും ആഗ്രഹങ്ങളാണ്.


ദമ്പതികളാകുന്നതോട് കൂടി രണ്ട് പേരുടെയും ജാതകഫലങ്ങൾ പരസ്പരം അനുഭവയോഗ്യമാകുന്നു. ആയുർദൈർഘ്യം കുറവായ പുരുഷ ജാതകത്തിൽ ഭർത്താവിന്  ദീർഘായുസുള്ള സ്ത്രീ ജാതകം ചേർക്കുമ്പോൾ ആയുർബ്ബലം പുരുഷന് കൈവരുന്നു. ദാരിദ്യയോഗമുള്ള ജാതകം ധനലാഭഗുണമുള്ള ജാതകത്തിനോട് ചേർത്ത് വെക്കുമ്പോൾ സാമ്പത്തിക ഗുണങ്ങൾ ഉണ്ടാകുന്നു. സന്താനഗുണമില്ലാത്ത ജാതകത്തിൽ സന്താനലാഭയോഗമുള്ള ജാതകം ചേർക്കുമ്പോൾ സന്താന ഗുണമുണ്ടാകുന്നു. ഈ യുക്തിയാണ് ജാതകപൊരുത്തമെന്നതിന്റെ പിന്നിലുള്ളത്. ഇങ്ങിനെ ചേർക്കുന്ന ജാതകങ്ങളിൽ പരസ്പരം ദോഷപരിഹാരവും ഗുണങ്ങളും ഉണ്ടാകുന്നത് കാലങ്ങളോളം നിരീക്ഷിച്ച് മനസ്സിലാക്കിയാണ് ജാതകസാമ്യം നോക്കൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ആദ്യകാലഘട്ടങ്ങളിൽ രാജകുടുംബങ്ങളിൽ മാത്രമാണ് വിവാഹപൊരുത്തചിന്തന നടന്നിരുന്നത്. രാജ്യം ഭരിക്കേണ്ട അനന്തരാവകാശിയായ രാജസന്താനങ്ങൾ എല്ലാം തികഞ്ഞവരായിരിക്കണമെന്നത് കൊണ്ട് തന്നെയാണ് വധൂവരൻമാരുടെ ജാതകങ്ങൾ കൊട്ടാരജ്യോതിഷികൾ കൂട്ടംചേർന്ന് ദിവസങ്ങൾ നീളുന്ന പരസ്പര ചർച്ചയിലൂടെ പരിശോധിച്ചും ,വിവാഹപ്രശ്നം മുതലായവ ചിന്തിച്ചും അന്തിമ തീരുമാനമെടുത്തിരുന്നത്. ഈ കീഴ്വഴക്കം ആണ് ആഢ്യകുടുംബങ്ങളിലേക്കും പിന്നീട് സാധാരണക്കാരിലേക്കും ജാതകപൊരുത്തചിന്തന എന്ന നിലയിൽ എത്തപ്പെട്ടത്.


ജാതകപൊരുത്തം നോക്കുന്നത് കൊണ്ടാണ് ചൊവ്വാദോഷമുള്ള സ്ത്രീകളുടെ വിവാഹം നടക്കാതെ പോകുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ വിവാഹം കഴിക്കരുത് എന്ന് ശാസ്ത്രം  പറയുന്നില്ല.മറിച്ച് മേൽപറഞ്ഞ യുക്തിയനുസരിച്ച് ആയുർഗുണമുള്ള പുരുഷന്റെ ജാതകം ചേർക്കുക വഴി നല്ലൊരു സുദീർഘദാമ്പത്യം ഇവർക്കുണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ജനനലഗ്നത്തിന്‍റെ അഷ്ടമത്തില്‍ നില്‍ക്കുന്ന കുജന്‍(ചൊവ്വ) വൈധവ്യത്തെ ചെയ്യുന്നുവെന്ന് പറയുന്നതിനോടൊപ്പം ഈ ദോഷത്തെ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന മറ്റനവധി ഘടകങ്ങളും പറയുന്നുണ്ട്. ഇതൊക്കെ നോക്കിയിട്ടു കൂടി ചൊവ്വാദോഷം കാണുന്നുണ്ടെങ്കില്‍ അതിനുതുല്യമായ ദോഷമുള്ളതും ആയുർഗുണവും ഉള്ള പുരുഷജാതകത്തെ ചേര്‍ക്കാനാണ് പറയുന്നത്. അല്ലാതെ കാലാകാലം വിവാഹം കഴിക്കാതെയിരിക്കാനല്ല.


പഴയകാലത്ത് ഹിന്ദുസമൂഹത്തിന്‍റെ വെറും പത്തുശതമാനത്തില്‍ താഴെവരുന്നവര്‍ മാത്രമേ ജാതകപൊരുത്തം നോക്കിയിരുന്നുള്ളൂ. അക്കാലങ്ങളില്‍ തത്തുല്യമായ ദോഷമുള്ള ജാതകങ്ങള്‍ കണ്ടെത്താനും മറ്റുമുള്ള സാധ്യതകള്‍ ഇന്നത്തേതിനേക്കാള്‍ കുറവായതുകൊണ്ട് പലരുടെയും വിവാഹങ്ങള്‍ നടക്കാതെ പോയത് തീര്‍ച്ചയായും ഈ ശാസ്ത്രത്തിന് ചീത്തപേരുണ്ടാക്കി കൊടുത്തുവെന്നത് ശരിയാണ്.എങ്കിലും തുല്യദോഷജാതകം തെരെഞ്ഞെടുക്കാനുള്ള ആധുനികസൗകര്യങ്ങളേറെയുള്ള ഇക്കാലത്ത് ചൊവ്വാദോഷം കൊണ്ട് കല്ല്യാണം മുടങ്ങുന്നുവെന്ന ആരോപണം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണ്.


ചൊവ്വാദോഷമുള്ള പെൺകുട്ടികൾ 12 വയസുമുതൽ തിങ്കളാഴ്ച്ചവ്രതവും ശിവപാർവ്വതി ഭജനവും അനുഷ്ഠിക്കുന്നത് ഗുണകരമാണ്. നക്ഷത്രപൊരുത്തങ്ങൾ  പലവിധത്തിലുണ്ടെങ്കിലും എല്ലാ പൊരുത്തങ്ങളുടെയും മിശ്രിതമായ 10 പൊരുത്തങ്ങൾക്കാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. രാശി, രാശ്യാധിപ, വശ്യ, മഹേന്ദ്ര, ഗണ, യോനി, ദിന, സ്ത്രീദീർഘ, മദ്ധ്യമരജ്ജൂ, വേധം എന്നിവകളാണ് ഈ ദശവിധപൊരുത്തങ്ങൾ.


മദ്ധ്യമരജ്ജു, വേധ ദേഷങ്ങൾ

മദ്ധ്യമരജ്ജു, വേധം എന്നിവ പ്രധാനദോഷങ്ങളാണ്. ഇതിൽ വേധദോഷം സാമാന്യേന ഏറ്റവും വലിയ ദോഷമായി കണക്കാക്കുന്നു. മദ്ധ്യമരജ്ജുദോഷം ഭരണി, പൂരം, പൂരാടം മകീര്യം, ചിത്ര, അവിട്ടം, പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ 9 നാളുകളിൽ വധൂവരൻമാരുടെ നക്ഷത്രങ്ങൾ ഉൾപ്പെടുമ്പോഴാണ് ഉണ്ടാകുന്നത്.മദ്ധ്യമരജ്ജു ദോഷം സന്താനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. എങ്കിലും  ജാതക സാമ്യം ഉണ്ടാകുകയും ഗണ, സ്ത്രീദീർഘ,മാഹേന്ദ്രപൊരുത്തങ്ങളിലെതെങ്കിലുമൊന്നുണ്ടാകുകയും ചെയ്താൽ ഈ ദോഷത്തിന് പരിഹാരമാകാറുണ്ട്. മദ്ധ്യമരജ്ജു ദോഷമുള്ള ദമ്പതികൾ ശിവക്ഷേത്രത്തിൽ യഥാശക്തി സ്വർണ്ണം കൊണ്ട് ഒരു ഉമാമഹേശ്വരരൂപം ഉണ്ടാക്കി സമർപ്പിച്ച് ഉമാമഹേശ്വരപൂജ നടത്തി ഐകമത്യസൂക്തപുഷ്പാഞ്ജലിയും ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം (സന്താനഗോപാലം) കഴിക്കുന്നതും 12-ൽ കുറയാതെ അനാഥരായ കുട്ടികൾക്ക് അന്നം, വസ്ത്രം, പഠനോപകരണങ്ങൾ, ഔഷധം എന്നിവ നൽകുന്നതും ദോഷാൽപ്പത്വമുണ്ടാക്കും. വേധദോഷമുള്ള നക്ഷത്രങ്ങൾ തമ്മിൽ വിവാഹത്തിന് ചേർക്കാതിരിക്കുകയാണ് ഉത്തമം.


ഗണപൊരുത്തം

ഗണം ഒന്നായി വരുന്നത് ഒരു വലിയ ഗുണമായി പറഞ്ഞ് വരാറുണ്ട്. "ഗണമൊന്നായാൽ ഗുണം പത്ത് "  എന്ന് വായ്മൊഴിയും ഉണ്ട്.ഗണപൊരുത്തമില്ലെങ്കിൽ ആ വിവാഹാലോചന ഒഴിവാക്കുന്ന പ്രവണത പലരിലും കണ്ടു വരുന്നുണ്ട്. ഗണപൊരുത്തം ഇല്ലെങ്കിലും മറ്റ് പൊരുത്തങ്ങൾക്ക് ആധിക്യമുണ്ടെങ്കിൽ വിവാഹത്തിന് ചേർക്കാം. 


അഷ്ടവർഗ്ഗം

സ്ത്രീയുടെ ജാതകത്തിൽ ചന്ദ്രാഷ്ടവർഗ്ഗത്തിൽ ഫലാധിക്യമുള്ള രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിച്ച പുരുഷനും അത് പോലെ പുരുഷന്റെ ചന്ദ്രാഷ്ടവർഗ്ഗത്തിൽ ഫലാധിക്യമുള്ള രാശി കൂറിൽ ജനിച്ച സ്ത്രീയും വിവാഹിതരാകുന്നത് ശുഭപ്രദമാകുന്നു.


ആയവ്യയങ്ങൾ

സ്ത്രീയുടെ നക്ഷത്രം മുതൽ പുരുഷനക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യയെ അഞ്ചിൽ പെരുക്കി ഏഴിൽ ഹരിച്ച് ബാക്കി കിട്ടുന്ന സംഖ്യ വ്യയവും (ചിലവ്) പുരുഷനക്ഷത്രം മുതൽ സ്ത്രീ നക്ഷത്രം വരെ എണ്ണി അഞ്ചിൽ പെരുക്കി ഏഴിൽ ഹരിച്ചാൽ ബാക്കി വരുന്നത് ആയവും (ലാഭം) ആകുന്നു. ആയം വ്യയത്തേക്കാൾ അധികമുണ്ടാകുന്നത് ശുഭമായും മറിച്ച് വരുന്നത് അശുഭമായും കണക്കാക്കുന്നു.


ഏകതാരദോഷം

ഒരേ നക്ഷത്രങ്ങൾ തമ്മിൽ വിവാഹചേർച്ച നോക്കുമ്പോൾ ഏകതാരദോഷമുണ്ടോയെന്ന് പ്രത്യേകമായി നോക്കണം. പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം നക്ഷത്രങ്ങളിൽ ഒരേ നക്ഷത്രം വധൂവരൻമാരുടെ നക്ഷത്രങ്ങളായി വരുന്നത് ആയുർദോഷമായും രോഹണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകം നക്ഷത്രങ്ങൾ മേൽപ്പറഞ്ഞ വിധമായാൽ ദുഃഖപ്രദമായും തീരുമെന്ന് പ്രമാണമുണ്ട്.മറ്റു 15 നക്ഷത്രങ്ങൾ ഈ ദോഷമില്ലാത്തവയാണ്. സ്ത്രീ ജനിച്ച നക്ഷത്രപാദത്തിന്റെ തൊട്ടുപിന്നിലുള്ള നക്ഷത്രപാദത്തിൽ ജനിച്ച പുരുഷനെ വിവാഹത്തിന് വർജ്ജിക്കാറുണ്ട് .എന്നാൽ ഏകതാരദോഷമില്ലാത്ത നക്ഷത്രങ്ങൾ ചേർക്കുമ്പോൾ  ഇത് നോക്കാൻ പല ജ്യോതിഷികളും വിസ്മരിക്കാറുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.


കൂട്ടുദശാസന്ധി

കൂട്ടുദശാസന്ധി വരുന്ന ജാതകങ്ങൾ ചേർക്കാതിരിക്കുന്നതാണ് നല്ലത് .വധൂവരൻമാർക്ക് ഒരു പോലെ ദോഷം വരുന്ന സമയം ആണ് കൂട്ടുദശാസന്ധി. വിവാഹാൽപ്പരം 12 വർഷത്തിനുള്ളിൽ വരുന്ന കൂട്ടുദശാസന്ധി അത്യന്തം അപകടകരമായി കാണാറുണ്ട്. ജാതകമില്ലാത്തവർക്ക് വിവാഹപ്രശ്നം ചിന്തിച്ച് പൊരുത്ത ചിന്തന ചെയ്യാവുന്നതാണ്.

വിവാഹ പൊരുത്തചിന്തനയിൽ ജാതക സാമ്യം നോക്കൽ വളരെ ശ്രദ്ധയോടെ സമയമെടുത്ത് ചെയ്യേണ്ട കാര്യമാണ്. എന്നാൽ ഇക്കാലത്ത് ആർക്കും ഒന്നിനും സമയമില്ലല്ലോ. ഒരു പുരുഷജതകവും മിനിമം 25-ൽ കുറയാതെ സ്ത്രീ ജാതക കുറിപ്പുകളുമായി പൊരുത്തം നോക്കാൻ ജ്യോൽസ്യന്റെ അടുത്ത് ചെല്ലുമ്പോൾ 10-15 മിനിറ്റ് കൊണ്ട് ഇത്രയും ജാതകങ്ങൾ ജ്യോൽസ്യൻ പൊരുത്തം നോക്കി കൊടുക്കുകയും ചെയ്യുന്നു.തെറ്റുപറ്റാനുള്ള സാധ്യതയും വർദ്ധിക്കുന്നു .


പത്തിൽപത്ത് പൊരുത്തം

നക്ഷത്രപൊരുത്തങ്ങൾ 5 ൽ കൂടുതൽ വരുന്നത് ഉത്തമമാണെങ്കിലും ജാതകസാമ്യം നന്നായി കാണുകയും മദ്ധ്യമരജ്ജു-വേധ-ദശാസന്ധി ദോഷങ്ങൾ ഇല്ലാതെ വരികയും ചെയ്താൽ നക്ഷത്രപൊരുത്തങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും വിവാഹത്തിന് സ്വീകരിക്കുന്നതിൽ തെറ്റില്ല. പത്തിൽപത്ത് പൊരുത്തം കിട്ടണമെന്ന് വിചാരിച്ച് കാത്തിരിക്കരുത്.പത്തിൽ പത്ത് പൊരുത്തം ഒരു നാളുകൾ തമ്മിലും കിട്ടില്ലെന്നതും മനസ്സിലാക്കണം.


പ്രായശ്ചിത്തം

ജാതകപൊരുത്തമില്ലാതെ വിവാഹിതരായ ദമ്പതികൾ പരിഹാരമായി രമേശ്വരത്ത് പോയി ദമ്പതിസ്നാനവും മറ്റ് പരിഹാര കർമ്മങ്ങളും ചെയ്യേണ്ടതുണ്ട്. പരിഹാര കർമ്മങ്ങൾ ജ്യോതിഷിയെ കൊണ്ട് ജാതക പരിശോധന നടത്തി എഴുതി വാങ്ങേണ്ടതാണ്.


വിവാഹത്തിൽ മുഹൂർത്തത്തിന്റെ പ്രാധാന്യം

പരസ്പരം വിട്ട് പിരിയാൻ കഴിയാതിരിക്കുകയും എന്നാൽ ജാതക പൊരുത്തം തീരെ ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ജാതകപൊരുത്തകുറവ് കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഒരു പരിധി വരെ കുറക്കാൻ വിവാഹം ഉത്തമമുഹൂർത്തത്തിൽ ചെയ്യുന്നത് കൊണ്ട് സാധിക്കും. അനുഷ്ഠിക്കുന്ന കാര്യം നല്ല സമയത്താണെങ്കിൽ അത് ഫലവത്തായി തീരുമെന്നതാണ് മുഹൂർത്തശാസ്ത്രത്തിന്റെ ഗുണവശം എന്നത് കൊണ്ട് തന്നെ നല്ല സമയത്ത് താലികെട്ടുന്ന ദമ്പതികളുടെ വിവാഹ ജീവിതം ഒരിക്കലും പരാജയമാകില്ല.


മുഹൂർത്തമെന്നത് നക്ഷത്ര പ്രാധാന്യമുള്ളതാണ്. അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം എന്നീ നക്ഷത്രങ്ങളാണ് വിവാഹത്തിന് ഉത്തമമായി എടുക്കേണ്ടത്. എന്നാൽ ഇക്കാലങ്ങളിൽ ചോറൂൺനാളുകൾ എല്ലാം വിവാഹത്തിന് എടുക്കുന്ന ഒരു രീതി നടപ്പിലുണ്ട്. ഇവ വിവാഹത്തിന് മധ്യമമായി മാത്രം എടുക്കാവുന്ന നക്ഷത്രങ്ങളാണ്. പൊരുത്തകുറവുള്ള വിവാഹം നടത്തുന്നത് നിർബ്ബന്ധമായും ഉത്തമ നക്ഷത്രങ്ങളിൽ മറ്റ് ദോഷങ്ങളില്ലാത്ത സമയത്ത് ആവണമെന്ന് ശ്രദ്ധിക്കണം.


അത് പോലെ  "മീനാന്ത്വാർദ്ധേന്ദുഭസ്ത്രീഘടധനുഷിരവി"  എന്ന പ്രമാണമനുസരിച്ച് വിവാഹത്തിന് കർക്കിടകം, കന്നി, ധനു, കുംഭം എന്നീ മാസങ്ങളും  മീനത്തിലെ അവസാന 15 ദിവസങ്ങളും ഒഴിവാക്കുകയും ചെയ്യണം. മറ്റു മൂന്നു മാസങ്ങൾ വർജ്ജിക്കാറുണ്ടെങ്കിലും ധനുമാസത്തിലും മീനമാസത്തിലെ അവസാന പകുതിയിലും  പലരും വിവാഹം നടത്തുന്നതായി കാണാറുണ്ട്. പൊരുത്ത കുറവുള്ളവർ വിവാഹിതരാകുന്നത് ദോഷസമയത്താവുന്നത് കൂടുതൽ ദോഷങ്ങള്‍ ഉണ്ടാക്കുകയേള്ളൂ.


ജ്യോതിഷമെന്നത് ഒരു വഴികാട്ടിയാണ്. ഏത് വഴിയിൽ സഞ്ചരിക്കണമെന്ന ചോദ്യത്തിന് ദൃഢമായ ഉത്തരം നൽകി ചഞ്ചലമനസ്സുകൾക്ക് ആത്മധൈര്യമേകുന്ന ശാസ്ത്രം. അത് തന്നെയാണ് ഈ ശാസ്ത്രം ഇത്രയും ജനകീയമായതിന് കാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 12.3K