15 April, 2016 04:07:01 PM


വിഷുഫലം 2016 : സംസ്‌ഥാന രാഷ്‌ട്രീയ രംഗത്ത്‌ വലിയ കോളിളക്കങ്ങളുണ്ടാകും



ഭരണരംഗത്ത്‌ വലിയ അനിശ്‌ചിതത്വത്തിനും ദേശീയ, രാഷ്‌ട്രീയ രംഗത്ത്‌ തുടരുന്ന വിവാദ കോലാഹലങ്ങള്‍ക്കു പുറമെ വലിയ പ്രകൃതിക്ഷോഭങ്ങള്‍, പ്രളയക്കെടുതികള്‍, ഭൂമികുലുക്കം ഇവയ്‌ക്കെല്ലാം സാധ്യതയുള്ളതായാണ് ഈ വര്‍ഷത്തെ വിഷുഫലം കാണിക്കുന്നത്. എങ്കിലും ഗുണകരമായ മാറ്റങ്ങള്‍ ലോകമെങ്ങും അനുഭവപ്പെടും. കഠിനമായ പ്രതികൂലാവസ്‌ഥകളെ രാഷ്‌ട്രം തരണം ചെയ്യേണ്ടതായി വന്നേക്കും.


സംസ്‌ഥാന രാഷ്‌ട്രീയ രംഗത്ത്‌ വലിയ കോളിളക്കങ്ങളുണ്ടാകും.  കാര്‍ഷിക, പരിസ്‌ഥിതി രംഗങ്ങളില്‍ സാമാന്യ ജനങ്ങളുടെ ശ്രദ്ധാതാല്‌പര്യങ്ങള്‍ വര്‍ദ്ധിക്കും. ലോക സാമ്പത്തികരംഗത്ത്‌ അസാധാരണമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. ദേശീയ, രാഷ്‌ട്രീയ രംഗത്ത്‌ വിവാദ കോലാഹലങ്ങള്‍ തുടരും. എന്നാല്‍ ഗുണാത്മകമായ മാറ്റങ്ങള്‍ തുടര്‍ന്നും ഉണ്ടാകും. ആത്മീയ, അനുഷ്‌ഠാന രംഗത്ത്‌ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതിലൂടെ വലിയ അളവില്‍ ദോഷങ്ങള്‍ക്ക്‌ ഉപശാന്തി കൈവരിക്കുവാന്‍ സാധിക്കുമെന്നാണ് പ്രഗത്ഭ ജ്യോതിഷപണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.


അശ്വതി:

പൊതുവെ ഗുണദോഷസമ്മിശ്രാവസ്‌ഥ അനുഭവപ്പെടും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനഃക്ലേശങ്ങള്‍, പലവിധ കാര്യ പരാജയങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിന്‌ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ സമയം പ്രതികൂലമായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ഔദ്യോഗികരംഗത്തുള്ളവര്‍ക്ക്‌ അതൃപ്‌തികരമായ സ്‌ഥലംമാറ്റം, മേലധികാരികളില്‍നിന്നും ശാസന, ശിക്ഷാനടപടികള്‍ ഇവയൊക്കെ ഉണ്ടാകാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. കലാരംഗത്തുള്ളവര്‍ക്ക്‌ അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ ഉണ്ടാകുവാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. 


ഭരണി:

നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ്‌ ഈ നാളുകാര്‍ കടന്നുപോകുന്നത്. പല കാര്യങ്ങളിലും അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ വന്നുഭവിച്ചേക്കാം. വിവാഹാലോചനകള്‍ മന്ദഗതിയിലായിത്തീരും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടുന്നതിന്‌ സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. പരീക്ഷകളിലും മത്സരങ്ങളിലും പരാജയ സാധ്യത. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ വളരെ സൂക്ഷ്‌മത പാലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ പരാജയം സംഭവിച്ചേക്കാം. കലാ-സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. 


കാര്‍ത്തിക:

ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുടെ വര്‍ഷമാണ്‌ വരുന്നത്‌.  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്‌ തടസ്സവിഷമതകള്‍ വരാമെങ്കിലും പിന്നീട്‌ അതു മാറിക്കിട്ടും. കര്‍മ്മരംഗത്ത്‌ പുരോഗതിയനുഭവപ്പെടും. പുതിയ പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കുന്നതിന്‌ ശ്രമിക്കും. കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിച്ചേരുവാന്‍ സാധിക്കും. ആഹ്‌ളാദകരമായ നൂതന ഹൃദയബന്ധങ്ങള്‍ ഉടലെടുക്കുന്നതിന്‌ സാധ്യത. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ കൈവരിക്കും.

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കര്‍മ്മവിജയവും പുതിയ സ്‌ഥാനപ്രാപ്‌തിയുമുണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്ഭുതകരമായ നേട്ടങ്ങള്‍ ഉണ്ടാകും.


രോഹിണി:

മനസ്സിന്‌ ആനന്ദകരമായ സൗഹൃദബന്ധങ്ങള്‍ ഉടലെടുക്കുന്നതിന്‌ സാധ്യത. കാര്യസാധ്യവും ലക്ഷ്യപ്രാപ്‌തിയുമുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കര്‍മ്മരംഗത്ത്‌ ഉയര്‍ന്ന വിജയങ്ങള്‍ കൈവരിക്കും. ധനസമൃദ്ധി നേടുന്നതിന്‌ തുടക്കമിടും. ഗൃഹവാഹനാദി സ്വത്തുക്കള്‍ നേടിയെടുക്കും. ഏതുകാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്‌. പരീക്ഷകളിലും ഇന്റര്‍വ്യൂവിലും വിജയം വരിക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മത്സരവിജയവും നായകസ്‌ഥാനവും ലഭിക്കുന്നതിന്‌ സാധ്യത.


മകയിരം:

കുടുംബത്തിലും ചില അസ്വസ്‌ഥതകള്‍ ഉണ്ടാകുന്നതിന്‌ സാധ്യതയുള്ളതിനാല്‍ സംഭാഷണങ്ങളില്‍ മിതത്വവും നിയന്ത്രണവും ശീലിക്കുക. കാര്യങ്ങള്‍ക്കെല്ലാം പൊതുവേ പ്രതികൂലാവസ്‌ഥയുണ്ടാകും. മത്സരങ്ങളിലും തെരഞ്ഞെടുപ്പിലും പരാജയ സാധ്യത കാണുന്നു.  അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലുമുണ്ടാകാം. കര്‍മ്മരംഗത്ത്‌ തടസ്സങ്ങളും വിഷമതകളും വര്‍ദ്ധിക്കുന്നതിന്‌ സാധ്യത. ഇച്‌ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ വിഷമകരമായ സ്‌ഥാനചലനമുണ്ടാകും. സ്‌ത്രീകള്‍ക്ക്‌ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ സാധ്യത. ഗൃഹനിര്‍മ്മാണം മുടങ്ങുകയോ, മന്ദഗതിയിലാവുകയോ ചെയ്യും.


തിരുവാതിര:

ഗുണാധിക ഫലങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കര്‍മ്മരംഗത്ത്‌ പുരോഗതി കൈവരിക്കും. പുതിയ പ്രവൃത്തിമേഖലയില്‍ പ്രവേശിക്കുന്നതിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ ഇവയൊക്കെ നേടുന്നതിന്‌ സാധ്യത കാണുന്നു. നിങ്ങളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ ചിലത്‌ സാധിച്ചേക്കാം. രാഷ്‌ട്രീയ-പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മത്സരവിജയവും നേതൃസ്‌ഥാനവും ലഭിക്കുന്നതിന്‌ സാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വളരെ വിസ്‌മയകരങ്ങളായ നേട്ടങ്ങളുണ്ടാകും. അഭിനയ രംഗത്തുള്ളവര്‍ക്ക്‌ അസുലഭങ്ങളായ ചില അവസരങ്ങള്‍ ലഭിക്കുന്നതാണ്‌. 


പുണര്‍തം:

സര്‍വ്വകാര്യ പ്രതിബന്ധവും വിവിധാനര്‍ത്ഥങ്ങളും ഉണ്ടാകാം. കര്‍മ്മരംഗത്ത്‌ വളരെ പ്രതിസന്ധികള്‍ കാണുന്നു. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ അനുഭവപ്പെടാനിടയുണ്ട്‌. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ വര്‍ദ്ധിക്കും. രോഗവിഷമങ്ങള്‍ കൂടുതലായി അനുഭവപ്പെട്ടേക്കാം. ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ പരാജയ സാധ്യതയാണുള്ളത്‌. കച്ചവടരംഗത്തുളളവരും ധനനഷ്‌ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. പൊതു പ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യപരാജയം, മാനഹാനി, മനഃക്ലേശം ഇവയൊക്കെ ഉണ്ടായേക്കാം. സിനിമാ-സീരിയില്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിക്കുക. പലവിധ പ്രതിസന്ധികള്‍ കാണുന്നു. 

പൂയം:

പലവിധ അസ്വസ്‌ഥതകളും  പ്രതിബന്ധങ്ങളും ഉണ്ടാകുന്നതിന്‌ സാധ്യതയുണ്ട്‌. കുടുംബത്തിലും ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിന്‌ സാധ്യത. കര്‍മ്മരംഗത്ത്‌ പരാജയവും ധനനഷ്‌ടങ്ങളും ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ സംഭവിക്കാം. രോഗവിഷമതകള്‍ വര്‍ദ്ധിക്കും. കണ്ണുകളെ വളരെ സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്‌. വാഹനമോടിക്കുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക. സംസാരങ്ങളില്‍ നന്നായി ആത്മനിയന്ത്രണം ശീലിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത്‌ ഒഴിവാക്കുക. ശരിയായി രാശി ചിന്ത ചെയ്‌ത് വേണ്ട പരിഹാരമനുഷ്‌ഠിക്കുക.

ആയില്യം:

ഹൃദയപൂര്‍വ്വമായ ഒരു സൗഹൃദത്തിലൂടെ ദുഃഖഭാരങ്ങള്‍ മറക്കാനാകുമെന്നതാണ്‌ ഈ വര്‍ഷത്തെ പ്രത്യേകത. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം. തൊഴില്‍രംഗത്ത്‌ വലിയ പ്രയാസങ്ങള്‍ ഉടലെടുക്കുന്നതിന്‌ സാധ്യത. അന്യദേശത്ത്‌ ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. പൊതുവേ എല്ലാക്കാര്യങ്ങളിലും വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്‌. നയന-കര്‍ണ്ണ-രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്‌. കൂടുതല്‍ ശ്രദ്ധ പാലിക്കുക. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനഃക്ലേശം ഒക്കെ വന്നുഭവിക്കാം. കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക്‌ ചില അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടായേക്കാം. അഭിനയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിസ്‌മയകരമായ പ്രയോജനങ്ങള്‍ വന്നുചേരും.

മകം:

ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. ഈ വര്‍ഷം സര്‍വ്വൈശ്വര്യ സമൃദ്ധി തന്നെ ഉണ്ടാകുന്നതായി കാണുന്നു. ധനപരമായ നേട്ടങ്ങള്‍ തൊഴില്‍രംഗത്ത്‌ പുരോഗതി, കുടുംബത്തില്‍ സന്തുഷ്‌ടി, ശ്രേയസ്സ്‌ ഇവയെല്ലാം ഉണ്ടാകുന്നതാണ്‌. ദീര്‍ഘകാലമായി മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ സാധ്യമാകും. സ്‌ത്രീകളായ പൊതുപ്രവര്‍ത്തകര്‍ക്ക്‌ മത്സരവിജയം, അധികാരലബ്‌ധി, കീര്‍ത്തി ഇവയൊക്കെ വന്നുചേരും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. സിനിമ-സീരിയല്‍ രംഗത്തുള്ള കലാകാരന്മാര്‍ക്ക്‌ വിസ്‌മയനേട്ടങ്ങള്‍ കൈവരിക്കാനാകും. ദുര്‍ഘടമായ കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുന്നതിലൂടെ കീര്‍ത്തി കൈവരിക്കും. 

പൂരം:

ഈ നാളുകാരുടെ രാശിമണ്ഡലത്തില്‍ അപൂര്‍വ്വമായ ഒരു രാജയോഗ കല തെളിഞ്ഞു കാണുന്നു.  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. തൊഴില്‍രംഗത്ത്‌ അസുലഭ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നതവിജയം കാണുന്നു. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂലമായ സ്‌ഥലമാറ്റവും സ്‌ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്‌. സ്‌ത്രീകള്‍ക്ക്‌ മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതാണ്‌. നൂതന വസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിന്‌ സാധ്യത. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഉടനെ അത്‌ സാധിക്കുന്നതാണ്‌. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വിദേശയാത്ര, തൊഴില്‍ ഇവയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധ്യമായിത്തീരും. ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളുടെ കാലമാണ്‌ വരുന്നത്‌. മത്സരങ്ങളില്‍ വിജയിക്കും. 

ഉത്രം:

ജീവിതത്തില്‍ അപൂര്‍വ്വമായ വഴിത്തിരിവിന്‌ കാരണമായേക്കാവുന്ന ഒരു പുതിയ ആത്മബന്ധമോ, ആചാര്യബന്ധമോ, ഉടലെടുക്കുന്നതിന്‌ സാധ്യത കാണുന്നു. അസാധാരണമായ മാറ്റങ്ങളുടെ കാലമാണ്‌ വരുന്നത്‌. കര്‍മ്മരംഗത്ത്‌ വിജയവും പ്രസിദ്ധിയും ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. അതിലൂടെ ധനസമൃദ്ധി കൈവരിക്കും. വിദേശ തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും. കൂടുതല്‍ സൗകര്യങ്ങളും വിസ്‌തൃതിയുമുള്ള പുതിയ ഫ്‌ളാറ്റ്‌ വാങ്ങുന്നതിന്‌ സാധിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. വസ്‌തു-വാഹനങ്ങള്‍ പുതുതായി വാങ്ങും. സ്‌ത്രീകള്‍ക്ക്‌ ഉദ്ദിഷ്‌ട കാര്യസിദ്ധിയുണ്ടാകും. 

അത്തം:

അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ കാണുന്നു. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാനിടയുണ്ട്‌. കര്‍മ്മമേഖലയില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉടലെടുക്കും. ധനനഷ്‌ടം, ഇച്‌ഛാഭംഗം, മനോമാന്ദ്യം, കാര്യപരാജയം ഇവയൊക്കെ സംഭവിക്കാം. യാത്രകള്‍ മുടങ്ങും. അനാരോഗ്യം ബാധിക്കും. ഉദരക്ലേശങ്ങള്‍ വന്നുചേരുന്നതിന്‌ സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. മത്സരങ്ങളില്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ പരാജയ സാധ്യത കാണുന്നു. കലാ-അഭിനയ രംഗങ്ങളില്‍ പ്രവൃത്തിയെടുക്കുന്നവര്‍ക്ക്‌ വളരെ തടസ്സങ്ങള്‍ ഉണ്ടാകാം.

ചിത്തിര:

മനഃക്ലേശം വര്‍ദ്ധിക്കും. യാത്രകള്‍ കൂടുതലായി ചെയ്യേണ്ടിവരും. അലച്ചിലും അനാരോഗ്യവും അനുഭവപ്പെടും. കുടുംബത്തില്‍ ചില അസ്വസ്‌ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. സംഭാഷണങ്ങളില്‍ ആത്മനിയന്ത്രണം ശീലിക്കുക. വിട്ടുമാറാത്ത തലവേദന, സൈനസൈറ്റിസ്‌ തുടങ്ങിയ അസ്വസ്‌ഥതകള്‍ ഉണ്ടായേക്കാം. യാത്രാവേളകളില്‍ ധനനഷ്‌ടത്തിന്‌ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്ക്‌ മത്സരങ്ങള്‍ കഠിനമായിരിക്കും. വളരെ ജാഗ്രതയോടെ ശ്രമിച്ചാല്‍ മാത്രമേ പരാജയം ഒഴിവാക്കാനാകൂ. 

ചോതി:

ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സാധിക്കും. തൊഴില്‍രംഗത്ത്‌ അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങും. വസ്‌തു-വാഹനാദികള്‍ കൈവരിക്കും. വിദേശ തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും. ഏതുകാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്‌. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ വിജയവും അധികാര സ്‌ഥാനപ്രാപ്‌തിയും ഉണ്ടാകുന്നതാണ്‌. കലാ-അഭിനയ രംഗത്തുള്ളവര്‍ക്ക്‌ അപൂര്‍വ്വമായ ചില അവസരങ്ങള്‍ വന്നുചേരുകയും ഇതിലൂടെ വലിയ ഉയര്‍ച്ച നേടുന്നതിന്‌ സാധിക്കുകയും ചെയ്യുന്നതായി കാണുന്നു. 


വിശാഖം:

വളരെയധികം ശ്രദ്ധാപൂര്‍വം എല്ലാക്കാര്യങ്ങളും ചെയ്‌തുപോകേണ്ടതാണ്‌. ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. ജോലിയില്‍ ഉയര്‍ച്ച കൈവരിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വിദേശയാത്രയ്‌ക്ക് ഒരുങ്ങുന്നവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. അവിചാരിതമായ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്‌. പൊതുരംഗത്തുള്ളവര്‍ക്കും പ്രതികൂലസമയമാണിത്‌.മത്സരങ്ങളില്‍ പരാജയ സാധ്യത കാണുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകാം. സ്വജനകലഹം, ബന്ധുവിരോധം ഇവയും സംഭവിച്ചേക്കാം. ശിരോരോഗങ്ങള്‍ അനുഭവപ്പെടുന്നതിന്‌ സാധ്യത കാണുന്നു.  


അനിഴം:

രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത്‌ ഉയര്‍ച്ച കൈവരും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. വിദേശയാത്ര, തൊഴില്‍ ഇവ സാധിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ അതൃപ്‌തികരമായ സ്‌ഥാനചലനമുണ്ടാകാം. കുടുംബപരമായ അസ്വസ്‌ഥതകള്‍ ഉടലെടുക്കാനിടയുണ്ട്‌. സംസാരത്തില്‍ മിതത്വവും നിയന്ത്രണവും പാലിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ വിശേഷ ഗുണാനുഭവങ്ങളുണ്ടാകും. സിനിമ-സീരിയല്‍ രംഗത്തെ അഭിനേതാക്കള്‍ വലിയൊരു മാറ്റത്തെയാണ്‌ അഭിമുഖീകരിക്കുവാന്‍ പോകുന്നത്‌. 


തൃക്കേട്ട:

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമായിത്തീരും. തൊഴില്‍രംഗത്ത്‌ പുരോഗതി നേടും. ധനപരമായി വളരെ നേട്ടങ്ങള്‍ കൈവരിക്കും. കൂടുതല്‍ വിസ്‌തൃതിയും സൗകര്യവുമുള്ള ഗൃഹം പുതുതായി വാങ്ങും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിന്‌ സാധിക്കും. അതുവഴി അസുലഭ നേട്ടങ്ങള്‍ ഉണ്ടാകും.രാഷ്‌ട്രീയ-പൊതു രംഗത്തുള്ളവര്‍ക്ക്‌ മത്സരങ്ങളില്‍ വിജയം, സ്‌ഥാനലബ്‌ധി ഇവ ഉണ്ടാകാം. നൂതന സംഘസ്‌ഥാനങ്ങളില്‍ എത്തിച്ചേരാനിടയുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്ല നിലയില്‍ പുരോഗമിക്കുന്നതിന്‌ കഴിയും. സ്‌ത്രീകള്‍ക്ക്‌ മനസ്സിന്റെ അഭിലാഷങ്ങള്‍ സാധിക്കുന്നതാണ്‌. 


മൂലം:

അവിചാരിത തടസ്സങ്ങള്‍ വരും. കര്‍മ്മരംഗത്ത്‌ പലവിധ വിഷമതകള്‍ ഉണ്ടാകും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനഃക്ലേശം ഇവയൊക്കെ അനുഭവപ്പെടും. അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക്‌ അത്‌ മുടങ്ങുന്നതിന്‌ സാധ്യത കാണുന്നു. കേസു വ്യവഹാരങ്ങളില്‍ വന്നുപെടാം. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിക്കാനിടയുണ്ട്‌. ഉദര വൈഷമ്യങ്ങള്‍ അനുഭവപ്പെടും. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാനിടയുണ്ട്‌. സംഭാഷണത്തില്‍ നന്നായി ആത്മനിയന്ത്രണം ശീലിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. 


പൂരാടം:

പൊതുവെ വളരെ ശ്രദ്ധ പാലിക്കുക. ഗുണദോഷസമ്മിശ്രാവസ്‌ഥ ഫലമാണ്‌. ധനനഷ്‌ടങ്ങള്‍ വരാം. കര്‍മ്മപരമായ പരാജയങ്ങള്‍ക്കിടയുണ്ട്‌. കൂടുതല്‍ പണം ചെലവു ചെയ്‌തുള്ള സംരംഭങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വരാം. നേത്രരോഗങ്ങള്‍ ബാധിക്കുന്നതിന്‌ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ പരാജയ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്‌. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മത്സരങ്ങളില്‍ തോല്‍വി ഉണ്ടായേക്കാം. വളരെ ജാഗ്രതയോടെ തീവ്രശ്രമം നടത്തുന്നത്‌ ഉത്തമം. സ്‌ത്രീകള്‍ക്ക്‌ അപ്രതീക്ഷിതമായ ചില പ്രയാസങ്ങളെ നേരിടേണ്ടതായി വരാം. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകളും അസ്വസ്‌ഥതകളും ഉണ്ടാകുന്നതിനിടയുണ്ട്‌. 


ഉത്രാടം:

രാശിവീഥിയില്‍ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു.വളരെ ഗുണകരമായ മാറ്റങ്ങള്‍ കാണുന്നു. കര്‍മ്മപരമായി വലിയ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത്‌ ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്‌ടിക്കും. ധനസമൃദ്ധിയിലേക്കുള്ള മാര്‍ഗ്ഗം തുറക്കും. വളരെ ആനന്ദകരമായ ഒരു പുതിയ ആത്മബന്ധം ഉടലെടുക്കും. രാഷ്‌ട്രീയ-പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മത്സരവിജയവും സ്‌ഥാനലബ്‌ധിയും ഉണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിസ്‌മയ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്‌. 


തിരുവോണം:

വളരെ ഗുണപ്രദമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്‌. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത്‌ പുരോഗതി കൈവരിക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും. നഗരമധ്യത്തില്‍ കൂടുതല്‍ വിസ്‌തൃതിയും സൗകര്യങ്ങളുമുളള പുതിയ ഫ്‌ളാറ്റ്‌ വാങ്ങുന്നതിന്‌ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഗ്രഹിക്കുന്ന പുരോഗതിയുണ്ടാകും. സ്‌ത്രീകള്‍ക്ക്‌ മനസ്സിന്റെ അഭീഷ്‌ടങ്ങള്‍ സാധിക്കുന്നതാണ്‌. 


അവിട്ടം:

രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു താരായോഗം കാണുന്നു. പ്രതിസന്ധികള്‍ പലതുമുണ്ടാകും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ വരാം. നിര്‍മ്മാണപ്രവൃത്തികള്‍ ചെയ്യുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മത്സരങ്ങള്‍ കഠിനമാകും. കൂടുതല്‍ ജാഗ്രതയോടെ ശ്രമിച്ചാല്‍ വിജയം നേടാനായേക്കും. കലാരംഗത്തുള്ളവര്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രമിച്ചാല്‍ പലവിധ നേട്ടങ്ങള്‍ കൈവരിക്കാനാകും.  വിദ്യാര്‍ത്ഥികളും കൂടുതല്‍ തീവ്രശ്രമം നടത്തേണ്ടതാണ്‌. നയനരോഗങ്ങള്‍, മറ്റു വിവിധ അസ്വസ്‌ഥതകള്‍ ഇവയൊക്കെ വരാം. 


ചതയം:

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി നേട്ടങ്ങള്‍ കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ ഗുണമുള്ള സമയമാകുന്നു. പൊതുരംഗത്തുള്ളവര്‍ക്ക്‌ മത്സരവിജയം ലഭിച്ചേക്കും. കലാസാംസ്‌ക്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും വലിയ അംഗീകാരങ്ങള്‍ കൈവരും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക്‌ അത്‌ ഉടന്‍ പൂര്‍ത്തീകരിക്കാനാകും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിന്‌ കാരണമാകാവുന്ന പുതിയൊരു ഗുരുബന്ധം ഉടനെ തന്നെ സംഭവിക്കുന്നതിന്‌ സാധ്യത കാണുന്നു. ഏതുകാര്യത്തിലും പൊതുവെ അനുകൂലമായ പരിവര്‍ത്തനങ്ങളുണ്ടാകും. 


പൂരുരുട്ടാതി:

ഗുണദോഷ സമ്മിശ്രസമയമാകുന്നു. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍ പലതുമുണ്ടാകും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കും. ആലോചനക്കുറവുകൊണ്ട്‌ ചില നഷ്‌ടങ്ങള്‍ ഉണ്ടാകുന്നതിന്‌ സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങും. പുതിയ വസ്‌തു- വാഹനാദികള്‍ വാങ്ങുന്നതിന്‌ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയമാകുന്നു. കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ അപൂര്‍വ്വമായ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതാണ്‌.


ഉത്രട്ടാതി:

രാശിവീഥിയില്‍ പൊതുവെ ഉത്തമമായ ലക്ഷണങ്ങളാണ്‌ കാണുന്നത്‌. ഗുണകരമായ കാലമാണെങ്കിലും അപ്രതീക്ഷിതമായ ചില തടസ്സങ്ങളും കാണുന്നുണ്ട്‌. തൊഴില്‍രംഗത്ത്‌ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ധനസമൃദ്ധിയിലേക്കുള്ള വഴി തുറക്കും. ദീര്‍ഘനാളായി ചിന്തിക്കുന്ന പല കാര്യങ്ങളും നടക്കും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്‌ സാധ്യത. യാത്രാക്ലേശം, അലച്ചില്‍ ഇവയുണ്ടാകാം. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ സംസാരത്തില്‍ ആത്മനിയന്ത്രണം ശീലിക്കുക. പൊതുരംഗത്തുള്ളവര്‍ക്ക്‌ മത്സരവിജയവും സ്‌ഥാനപ്രാപ്‌തിയും ഉണ്ടായേക്കും. 


രേവതി:

ഉദ്ദിഷ്‌ടകാര്യങ്ങള്‍ സാധ്യമാകും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. കുടുംബത്തില്‍ ശ്രേയസ്സുണ്ടാകുന്നതായി കാണുന്നു.  തൊഴില്‍രംഗത്ത്‌ വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. വിദേശയാത്ര, തൊഴില്‍ ഇവയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല ഫലമുണ്ടാകും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥാനക്കയറ്റവും അനുകൂലമായ സ്‌ഥലം മാറ്റവും ഉണ്ടാകും. കച്ചവടക്കാര്‍ക്കും ഗുണമുള്ള സമയമാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്നതിന്‌ സാധിക്കും. 


കെ.എന്‍.സി. പണിക്കര്‍


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K