31 December, 2025 09:24:18 PM
കോട്ടയത്ത് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോട്ടയം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച നാല് ഗ്രാം എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് യുവാക്കളെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം പിടികൂടി. വേളൂർ മുഞ്ഞനാട്ടുചിറ വീട്ടിൽ രഞ്ജിത്ത് തമ്പി (കരുമാടി -25), പുലിക്കുട്ടിശേരി മുട്ടേൽലക്ഷം വീട് കോളനി ജയരാജ് (26), ഇതര സംസ്ഥാന തൊഴിലാളിയായ അസം തേജ്പൂർ ലാക്കോപ്പാറ ജാഹർ അലി (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ തോതിൽ എം.ഡി.എം.എയും ലഹരി മരുന്നുകളും ക്രിസ്മസിന്റെ ഭാഗമായി വിൽപ്പനയ്ക്ക് എത്തിക്കുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനായി പരിശോധനയും ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് വേളൂർ കല്ലുപുരയ്ക്കൽ സ്വരമുക്ക് ഭാഗത്ത് ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് കോട്ടയം ഡിവൈഎസ്പി കെ.എസ് അരുണിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. പ്രതികൾ എം.ഡി.എം.എയുമായി വീട്ടിൽ എത്തിയ സമയം പൊലീസ് സംഘം വീട് വളഞ്ഞ് പ്രതികളെ പിടികൂടി. ഇവരിൽ നിന്നും നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.






