30 December, 2025 06:41:22 PM


പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനര്‍നിര്‍മാണം തുടങ്ങി



കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ പൂവം പ്രദേശത്തെ പെരുന്നയുമായി ബന്ധിപ്പിക്കുന്ന പെരുമ്പുഴക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനര്‍നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ പൂവം ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചു. പൈലിംഗ് ജോലികള്‍ ഉടന്‍ ആരംഭിക്കും.

ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 4.979 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന ചങ്ങനാശ്ശേരി ഉപകാര്യാലയത്തിനാണ് നിര്‍മാണച്ചുമതല.

അപ്രോച്ച് റോഡ് ഉള്‍പ്പടെ 112 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമാണുള്ളത്. പെരുന്ന ഭാഗത്തേക്ക് 45 മീറ്റര്‍ നീളത്തിലും പൂവം ഭാഗത്തേക്ക് 54 മീറ്റര്‍ നീളത്തിലും ലാന്‍ഡ് സ്പാന്‍ ആയിട്ടാണ് അപ്രോച്ച് റോഡ്  നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഗതാഗതത്തിനായി കനാലിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന മുട്ട് നീക്കം ചെയ്യാനാകും. ഇതോടെ കനാലിന്റെ ഒഴുക്ക് സുഗമമാകും.
പൂവം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. പറഞ്ഞു.

പൂവം പ്രദേശത്തെയും ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ പായിപ്പാട് പഞ്ചായത്ത്, നഗരസഭാ പ്രദേശം, തിരുവല്ല നിയോജക മണ്ഡലം എന്നിവിടങ്ങളിലെയും നെല്‍ കര്‍ഷകര്‍ കഴിഞ്ഞ 15 വര്‍ഷമായി ചെറിയ മഴയത്തുപോലും ഉണ്ടാകുന്ന വെള്ളപ്പൊക്കവും കൃഷിനാശവും മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതുമൂലം അതിനടിയിലുള്ള തോട്ടില്‍ മുട്ട് ഇട്ടതായിരുന്നു പ്രധാന കാരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301