28 December, 2025 06:58:45 PM


റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ നിറംമാറ്റം; വെള്ളവും അരിയും നീല കളറിലായി



കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ അരി കഴുകിയപ്പോൾ നീല നിറമായി. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയിൽ പെട്ടത്. അരി കഴുകിയ വെള്ളത്തിനും അരിക്കും കഴുകിയശേഷം നീലനിറമാവുകയായിരുന്നു.

ഏന്തയാർ അക്ഷയ സെൻ്ററിന് സമീപമുള്ള റേഷൻ കടയിൽ നിന്നാണ് ബിജു 5 കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി കഴുകിയപ്പോഴാണ് അരിക്കും വെള്ളത്തിനും ഒരേപോലെ നീല നിറമായത്. ഇതിനെ തുടർന്ന് റേഷൻ കടയിലെത്തി കടക്കാരനോടിത് പറഞ്ഞപ്പോൾ അരി മാറ്റി നൽകുകയായിരുന്നു. എന്നാൽ പുതിയ അരി കഴുകിയപ്പോൾ ഈ നിറംമാറ്റം കണ്ടില്ല. 

സംഭവത്തിൽ ബിജു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ഇരുമ്പിൻ്റെ അംശം കൂടുതലാണെങ്കിൽ ഈ നിറം വരാൻ സാധ്യതയുള്ളതായാണ് ഭക്ഷ്യ വകുപ്പിൻ്റെ നിഗമനം. നാളെ അരിയുടെ സാമ്പിൾ പരിശോധിക്കുവാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935