20 December, 2025 07:33:21 PM
കോട്ടയം മെഡിക്കല്‍ കോളജിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി

കോട്ടയം: വിവിധ വികസന പദ്ധതികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സഹകകരണം-ദേവസ്വം- തുറമുഖ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യം-വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു.
സര്‍ജിക്കല്‍ ബ്ലോക്ക്, പാരാമെഡിക്കല്‍ ഹോസ്റ്റല്‍, കാത്ത്‌ലാബ്, ബയോഗ്യാസ് പ്ലാന്‍റ്, നവീകരിച്ച ഒ.പി. വിഭാഗം, ലാക്റ്റേഷന്‍ യൂണിറ്റ് തുടങ്ങിയവ ഉദ്ഘാടനത്തിന് സജ്ജമായതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ യോഗത്തില്‍ അറിയിച്ചു. കാര്‍ഡിയോളജി ബ്ലോക്കിന്‍റെയും കിഫ്ബി പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ സര്‍ജിക്കല്‍ ബ്ലോക്കിന്‍റെയും കെട്ടിട നിര്‍മാണം പൂര്‍ത്തിയായി.നിലവിലുള്ള ഏഴ് ഓപ്പറേഷന്‍ തീയറ്ററുകള്‍ക്കു പുറമെ ഏഴെണ്ണം കൂടി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണം സമയബന്ധിതമായി നടത്താത്തതില്‍ കരാറുകാരനില്‍നിന്ന് പിഴ ഈടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.
സാംക്രമികരോഗ ചികിത്സാ വിഭാഗത്തിനായുള്ള കെട്ടിടത്തിന്‍റെ നിര്‍മാണ ജോലികള്‍ 60 ശതമാനം പിന്നിട്ടതായും ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ്(കെട്ടിടവിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഉപയോഗിക്കാത്ത ഇ.എഫ്.ജി ബ്ലോക്ക് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രിയിലേക്ക് വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള 110 കെ.വി. സബ്‌സ്റ്റേഷന്‍റെ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി മന്ത്രിയെയും കിഫ്ബി പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചു.






