17 July, 2025 07:52:46 PM


ശരണ്യ സ്വയംതൊഴില്‍ പദ്ധതി: കോട്ടയത്ത് 32 അപേക്ഷകള്‍ അംഗീകരിച്ചു



കോട്ടയം: ശരണ്യ സ്വയംതൊഴില്‍ പദ്ധതിയുടെ ജില്ലാതല കമ്മറ്റി യോഗം 32 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. 
സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ,  ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിത വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ള വനിതകള്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി 50 ശതമാനം സബ്സിഡിയോടുകൂടി 50,000 രൂപ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതിയാണ് ശരണ്യ.

ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ടെയ്ലറിംഗ് യൂണിറ്റ്, തട്ടുകട, മെഴുകുതിരി നിര്‍മാണം, കൂണ്‍ വളര്‍ത്തല്‍, ട്യൂഷന്‍ സെന്റര്‍, കേക്ക് നിര്‍മാണം, ഉച്ചഭക്ഷണവിതരണം, ബേക്കറി സ്റ്റോര്‍, പൂന്തോട്ടനിര്‍മാണം, സ്റ്റേഷനറി, ക്ലീനിംഗ് പ്രൊഡക്റ്റ്സ്, ഫാര്‍മസ്യൂട്ടിക്കല്‍ മൊത്തവിതരണം, ആഭരണ ബിസിനസ്,ഫാസ്റ്റ് ഫുഡ്, കുരുമുളക് കൃഷി തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ലഭിച്ചത്.  

യോഗത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഒ.എസ്. ശ്രീകുമാര്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി. പ്രദീപ്,ഹുസൂര്‍ ശിരസ്തദാര്‍ പി.വി. ജയേഷ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഇ.വി. ഷിബു, ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ജില്ലാ മാനേജര്‍ അരുണ്‍രാജ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജതിന്‍ ജാതവേദന്‍,  ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. അനില്‍കുമാര്‍, എസ്.എസ്. സന്ധ്യ എന്നിവര്‍ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920