09 July, 2025 09:11:05 PM


കോട്ടയത്ത് വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 3 പേര്‍ പിടിയിൽ



കോട്ടയം: കോട്ടയത്ത് വീടിനുള്ളിൽ വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ 3 പ്രതികൾ പിടിയിൽ. കോട്ടയം കാരാപ്പുഴ സ്വദേശിനി ഈശ്വരി, അഖിൽ പി. രാജ്, അക്ഷയ് സി. അജി എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ്  ഇന്നേദിവസം അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 09-07-2025 തീയതി വെളുപ്പിന് 12 30 മണിയോടെ ജില്ലാ  ലഹരി വിരുദ്ധ സ്ക്വാർഡും കോട്ടയം വെസ്റ്റ്  പോലീസ്  സംയുക്തമായി  നടത്തിയ പരിശോധനയിൽ കോട്ടയം പയ്യമ്പളിച്ചിറ ഭാഗത്ത് പയ്യമ്പള്ളി ചിറ വീടിന്റെ കിടപ്പുമുറിയിൽ വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി  സൂക്ഷിച്ചിരുന്ന 1.713 കിലോഗ്രാം  നിരോധിത ലഹരി വസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 

ഒന്നാം പ്രതിയായ ഈശ്വരിയും കുടുംബവും താമസിച്ചുവരുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ലഹരി വസ്തുവായ കഞ്ചാവുമായി മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ അഖിൽ അക്ഷയ് എന്നിവർ  എംഡിഎംഎ  ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളിൽ പ്രതികളാണ്. ഒന്നാംപ്രതി ഈശ്വരിയുടെ മകൻ സുന്ദർ ഗണേഷ് കോട്ടയം വെസ്റ്റ് പോലീസ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയ പ്രതിയാണ്. ഇയാൾക്കെതിരെ തിരുപ്പൂരിൽ 8 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട കേസും നിലവിലുണ്ട്.

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ മാരായ വിദ്യ, മനോജ് സ്പെഷ്യല്‍ സി.പി.ഒ നിബിൻ, സിനൂപ്, സലാമോൻ അരുൺകുമാർ എന്നിവരും അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K