08 July, 2025 06:59:57 PM


പൂക്കൃഷിയില്‍ വര്‍ണം വിടര്‍ത്താന്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്



കോട്ടയം: ഓണത്തിന് പൂക്കളമൊരുക്കാന്‍  ഇതരസംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവുരീതി ഇത്തവണ വാഴൂരിലുണ്ടാവില്ല. ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഓണപ്പൂവസന്തം' പുഷ്പകൃഷി പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂക്കൃഷി ചെയ്യുന്നത്. രണ്ടേകാല്‍ ലക്ഷത്തോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക്  പഞ്ചായത്ത് പരിധിയിലെ 50 കര്‍ഷക ഗ്രൂപ്പുകള്‍ വഴിയാണ് ബന്ദിപ്പൂ(ചെണ്ടുമല്ലി) കൃഷി നടത്തുന്നത്. ഓരോ പഞ്ചായത്തിലും രണ്ട് ഹെക്ടര്‍ വരെ  സ്ഥലത്ത് തൈകള്‍ നടും. 45-ാം ദിവസം മുതല്‍ പൂവിട്ടു തുടങ്ങും. ഒരു ചെടിയില്‍ നിന്ന് മൂന്നു മുതല്‍ നാലു കിലോ വരെ പൂക്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദിപൂക്കാളാണ് കൃഷി ചെയ്യുന്നത്. പൊന്‍കുന്നം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ നടന്ന ബ്ലോക്കുതല പുഷ്പകൃഷി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിര്‍വഹിച്ചു.

ഓണവിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് പൂക്കൃഷിയിലൂടെ മികച്ച വരുമാനം നേടുകയും ഓണത്തിന് വിലക്കുറവില്‍ പ്രദേശികമായി തന്നെ പൂക്കള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജി പാമ്പൂരി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുമേഷ് ആന്‍ഡ്രൂസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ആന്റണി മാര്‍ട്ടിന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതാ ഉണ്ണികൃഷ്ണന്‍, സി. രവിന്ദ്രന്‍ നായര്‍, മിനി സേതുനാഥ്, പഞ്ചായത്ത് അംഗം ശ്രീലത സന്തോഷ്, പ്രിന്‍സിപ്പല്‍ എം.എച്ച്. നിയാസ്,ഹെഡ്മിസ്ട്രസ്സ് എം.സി. രജനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിമി ഇബ്രാഹീം,പി.ടി.എ. പ്രസിഡന്റ് പി.ജി. ജനീവ്, സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍,എന്‍.എസ്.എസ.്  പ്രോഗ്രാം ഓഫീസര്‍മാര്‍ ,സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928