07 July, 2025 07:41:04 PM


നവമിയെയും അലീനയെയും ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ



കോട്ടയം: നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന്  സഹകരണം- തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിന്റെ മകൾ നവമിയെയും ആശുപത്രിയിലെത്തി സന്ദർശിക്കുകയായിരുന്നു മന്ത്രി. നവമിയുടെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. പത്താംവാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു അലീന. ഇരുവരുടെയും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സർക്കാർ ഇരുവരുടെയും കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ ചികിത്സയ്ക്കായി അത്യാഹിതവിഭാഗത്തിലെ സിഎൽ 3 ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ പ്രവേശിപ്പിച്ചത്. അലീന വിൻസന്റ് നെഗറ്റീവ് പ്രഷർ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് ചികിത്സയിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933