04 July, 2025 07:25:05 PM


നമ്പർ മാറി മഹാരാഷ്ട്രയിലെ ഏതോ അക്കൗണ്ടിലേക്ക് പോയ 50,000 രൂപ തിരികെ എടുത്ത് കോട്ടയം സൈബർ പോലീസ്



കോട്ടയം : നമ്പർ മാറി മഹാരാഷ്ട്രയിലെ ഏതോ അക്കൗണ്ടിലേക്ക് പോയ 50,000 രൂപ തിരികെ എടുത്ത് കോട്ടയം സൈബർ പോലീസ്. ഇന്ന് (04-07-2025) പകൽ 1.30 ന് ആണ് സംഭവം. പുതുപ്പള്ളി സ്വദേശി ഷിബു താൻ ജോലിചെയ്യുന്ന ഏറ്റുമാനൂർ ഉള്ള റബ്ബർ കമ്പനിക്ക് വേണ്ടി കമ്പനി നിർദ്ദേശിച്ച ഫോൺ നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത അമ്പതിനായിരം(50000/-) രൂപയാണ്  തെറ്റായ നമ്പര് ഉപയോഗിച്ചതിലൂടെ മറ്റൊരക്കൗണ്ടിലേക്ക് ചെന്നത്. അബദ്ധം മനസ്സിലാക്കിയ ഷിബു ഉടൻതന്നെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിനെ സമീപിച്ചു. പരാതി സ്വീകരിച്ച ബാങ്ക് പതിനഞ്ചാം തീയതിക്ക് മുൻപായി പണം തിരികെയെത്തിക്കാം സാധിക്കും എന്നും എന്നാൽ അക്കൗണ്ട് ഹോൾഡർ പണം പിൻവലിച്ചാൽ പണം തിരികെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും അറിയിച്ചു. ഈ കാര്യത്തിൽ കോട്ടയം സൈബർ പോലീസിൽ ഒരു പരാതി നൽകുവാനും ബാങ്കിൽ നിന്നും അറിയിച്ചു.

ഷിബു തന്റെ ബന്ധുവായ കോട്ടയം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു. സൈബർ,ഫിനാൻഷ്യൽ ഫ്രോഡ് കേസുകളിൽ എത്രയും പെട്ടെന്ന് ഇടപെടലുകൾ നടത്തണമെന്നും പരിഹാരം ഉണ്ടാകണം എന്നും ഉള്ള ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്  എ ഐപിഎസിന്‍റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജഗദീഷ് വി ആര്‍, സിപിഒമാരായ ജോബിൻ സൺ ജെയിംസ്, രാഹുൽ മോൻ കെ സി എന്നിവർ ഉടൻ തന്നെ കൃത്യമായി അന്വേഷണം നടത്തുകയും മഹാരാഷ്ട്രയിലുള്ള സോണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഫോൺ മുഖാന്തരം അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിംഗ് സമയം തീരുന്നതിനുമുമ്പായി പണം തിരികെ അയക്കുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുകയായിരുന്നു. 

സൈബർ പോലീസിന്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനുള്ളിൽ 50000/- രൂപ തിരികെ അക്കൗണ്ടിലേക്ക് എത്തിക്കുവാൻ സാധിച്ചു. പണം അയച്ച നമ്പർ മാറിപ്പോയി എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ബാങ്കിനെയും തുടർന്ന് സൈബർ പോലീസിന്റെയും സഹായം തേടി എന്നുള്ളതാണ് പണം തിരികെ ലഭിക്കുവാൻ പ്രധാന കാരണമായി മാറിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930