03 July, 2025 02:25:31 PM


കോട്ടയം മെഡിക്കല്‍ കോളജ് അപകടം: കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ സ്ത്രീയാണ് കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍പ്പെട്ടത്.

തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും വളരെ ശ്രമകരമായാണ് സ്ത്രീയെ പുറത്തെടുത്തത്. നേരത്തെ തന്നെ തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടഭാഗത്ത് ജെസിബി അടക്കം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ലെന്നും, വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒരു കുട്ടി തന്നോട് പറഞ്ഞിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും, ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മയാണ് അപകടത്തില്‍പ്പെട്ടതെന്നും ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വൈകുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. ഇന്നു രാവിലെ 10.45 ഓടെയായിരുന്നു അപകടമുണ്ടായത്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രവര്‍ത്തനരഹിതമായ, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവനും അഭിപ്രായപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K