03 July, 2025 11:19:58 AM
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് ഇടിഞ്ഞു വീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന 2 പേരെ രക്ഷപ്പെടുത്തി. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. വലിയ ശബ്ദത്തോടെയാണ് കെട്ടിടം തകർന്ന് വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മന്ത്രി വിഎൻ വാസവനും ആരോഗ്യമന്ത്രി വീണ ജോർജും സ്ഥലത്തെത്തിയിട്ടുണ്ട്. ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നു വീണതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണതെന്ന് വീണ ജോർജ് പറഞ്ഞു. അഗ്നിരക്ഷാ സേനയും, പോലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്.
സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലായിരുന്നു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും മന്ത്രി വീണ പറഞ്ഞു.