01 July, 2025 09:29:09 AM


കോടിമതയില്‍ പിക്കപ്പ് വാനും ബൊലീറോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു



കോട്ടയം: എം സി റോഡിൽ കോടിമതയിൽ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലീറോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലീറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റ് സംഘം സ്ഥലത്തെത്തി.

അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാസേനയുടെ ആംബുലൻസിലും മറ്റ് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ബൊലീറോ ജീപ്പിനുള്ളിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിക്കപ്പ് വാനിനുള്ളിൽ രണ്ടു പേരുണ്ടായിരുന്നു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K