23 April, 2025 09:13:59 AM


വിനോദ സഞ്ചാര മേഖലയിൽ വൻ വികസനം: കോട്ടയത്തിപ്പോൾ കാണാനേറെയുണ്ട്



കോട്ടയം: 'കോട്ടയത്ത് എന്നാ കാണാനുള്ളത്?' എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയും ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയുമുൾപ്പെടുന്ന കിഴക്കൻ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്. ഇതിനൊപ്പം മലരിക്കൽ ആമ്പൽ വസന്തം പോലെ മനസ്സു കീഴടക്കുന്ന സീസണൽ ടൂറിസവും ഗ്രാമപ്രദേശങ്ങളിൽ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേർന്ന് വിനോദ സഞ്ചാര ഭൂപടത്തിൽ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു.

 ലോക നിലവാരത്തിലേയ്ക്ക് കേരളത്തിലെ ടൂറിസം വളരുമ്പോൾ അതിനൊപ്പം വികസിക്കുകയാണ് ജില്ലയും. എല്ലാ വർഷവും ആയിരക്കണക്കിന് സഞ്ചാരികളാണ്  ഇവിടേക്ക് എത്തുന്നത്. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുൾപ്പെടെ ഊന്നൽ നൽകി ക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.
ജില്ലയിലെ ടൂറിസം വികസനത്തിനായി സർക്കാർ ഒൻപത് വർഷത്തിനുള്ളിൽ ചെലവാക്കിയത് 139.24 കോടി രൂപ. ജില്ലയിലെ കര, കായൽ, മല എന്നീ മേഖലകളിലെ ടൂറിസം സാധ്യതകൾ വളരെ വിപുലമായിട്ടാണ് സർക്കാർ പ്രയോജനപ്പെടുത്തുന്നത്. 

കുമരകത്ത് ആരംഭിച്ച വലിയമട വാട്ടർ ഫ്രണ്ട് പദ്ധതി ജില്ലയുടെ ഗ്രാമീണ ടൂറിസം മേഖലയുടെ മുഖമുദ്രയയായി മാറും. ഇതിനായി സർക്കാർ 4.85 കോടി രൂപയാണ് മുടക്കിയത്.
 ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ തുരുത്തുമ്മ തൂക്ക് പാലത്തിൽ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിർമാണവും പൂർത്തിയാക്കി. കാടുകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി  മിയാവാക്കി പദ്ധതി കോട്ടയം ജില്ലയിലും  ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. ഇതിനായി 63.03 ലക്ഷം രൂപയാണ് ചെലവിട്ടത്.

വൈകുന്നേരം അൽപം കാറ്റൊക്കെക്കൊണ്ട് സൊറ പറഞ്ഞിരിക്കാനെത്തുന്നവർക്കുവേണ്ടി കോട്ടയത്തിന്റെ സ്വന്തം നാലുമണിക്കാറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8.55 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസം എന്ന പദ്ധതി ജില്ലയിലും നടപ്പിലാക്കി. കോട്ടയത്തെ ലാൻഡ് സ്‌കേപ്പിങ് ബോട്ട് കനാലിനുവേണ്ടി 7.98 കോടി രൂപയും ചീപ്പുങ്കൽ കുമരകം ഡെസ്റ്റിനേഷൻ വികസനത്തിനായി 1.44 കോടി രൂപയും കുമരകത്തെ കായൽ ടൂറിസം മേഖലയിലെ ശൗചാലയ മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന സീവേജ് ബാർജിന്റെ നിർമാണത്തിനായി 85.94 ലക്ഷം രൂപയും ചെലവഴിച്ചു.  ഇല്ലിക്കൽകല്ലിലെ നടപ്പാതയുടെയും കൈവരിയുടെയും നിർമാണത്തിനായി 50 ലക്ഷവും സർക്കാർ മുടക്കി. എരുമേലി തീർത്ഥാടന കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 99.95 ലക്ഷം രൂപയും കോടിമത ബോട്ട് ജെട്ടിയോടനുബന്ധിച്ചുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണികൾക്കായി 91 ലക്ഷം രൂപയും മുടക്കി.
വേങ്ങത്താനം വെള്ളച്ചാട്ടത്തിലെ സുരക്ഷാവേലി നിർമാണത്തിനും സൗന്ദര്യവത്കരണത്തിനുമായി 28 ലക്ഷം രൂപയാണ് സർക്കാർ ചെലവാക്കിയത്. കോടി മതയിലെ ഡി.റ്റി.പി.സി. ഇൻഫർമേഷൻ ഓഫീസിന്റെ നവീകരണ പ്രവർത്തനത്തിനായി 20 ലക്ഷവും കുമരകം നാലുപങ്കിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 19.40 ലക്ഷവും ചെലവഴിച്ചു. 83.49 ലക്ഷത്തിന്റെ വാട്ടർ അഡ്വഞ്ചർ സ്പോർട്സ് സാധനങ്ങളാണ് കുമരകത്തേക്ക് വാങ്ങിയത്. ചങ്ങനാശേരി മനക്കചിറ ടൂറിസം പ്രോജക്ടിന്റെ നവീകരണത്തിനായി 99.50 ലക്ഷം ചെലവഴിച്ചു. ചങ്ങനാശേരി ബോട്ട് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിനായി 99.70 ലക്ഷം രൂപയാണ് മുതൽമുടക്കിയത്. കുമരകം ഗോങ്ങിണിക്കരി വ്യു പോയിന്റിന്റെ സൗന്ദര്യവത്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 75 ലക്ഷവും മുടക്കി.

കുമരകത്തെ ബോട്ടിംഗ് സൗകര്യങ്ങളുടെ അടിസ്ഥാന വികസനത്തിനുവേണ്ടി 3.04 കോടിയാണ് ചെലവഴിച്ചത്. 4.65 കോടി മുടക്കി കുമരകത്തെ ജലാശയങ്ങൾ പുനരുദ്ധരിച്ചു. കവണാറ്റിൻകരയിലെ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നവീകരണത്തിനായി 3.5 ലക്ഷവും കുമരകത്തെ വാട്ടർ സ്‌കേപ്പിന്റെ നവീകരണത്തിനായി അഞ്ച് കോടിയും കുമരകം പദ്ധതിയുടെ അടിസ്ഥാന സൗകര്യത്തിനായി നാലു കോടിയും അതിരമ്പുഴയിലെ ടേക്ക് എ ബ്രേക്കിന്റെ നിർമാണത്തിനായി 45.45 ലക്ഷവും ചെലവഴിച്ചു. എഴുമാന്തുരുത്തിലെയും ആപ്പാഞ്ചിറ കനാൽ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്നന്നതിനുമായി 50 ലക്ഷം രൂപ വീതം സർക്കാർ ചെലവഴിച്ചു. കോട്ടയത്തെ ലാൻഡ് ബോട്ട് കനാൽ നിർമാണത്തിനായി 7.98 കോടി രൂപയും സർക്കാർ ചെലവഴിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K