22 April, 2025 08:49:50 AM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ഒൻപതുവർഷം 341 കോടി രൂപ ചെലവിട്ട് കോട്ടയം ജില്ല

കോട്ടയം: കഴിഞ്ഞ ഒൻപതു വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ജില്ലയിൽ സഹായമായി നൽകിയത് 341.34 കോടി രൂപ. 2025 മാർച്ച് വരെയുള്ള കണക്കാണിത്. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്താണ് ജില്ലയിൽ ചികിത്സാ ധനസഹായം, പ്രളയം, പ്രകൃതിക്ഷോഭം, അപകടമരണം, കോവിഡ് ധനസഹായം തുടങ്ങിയ വകയിൽ വിവിധ ഗുണഭോക്താക്കൾക്കായി ഇത്രയും തുക നൽകിയത്. ഈ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തുക നൽകിയത് പ്രളയം പ്രകൃതിക്ഷോഭം ദുരന്തങ്ങൾക്കിരയായവർക്കാണ്; 225.31 കോടി രൂപ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 202,66,35,307 രൂപയും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നാളിതുവരെ 22,65,10,691 രൂപയും പ്രകൃതി ദുരന്തം അനുഭവിച്ചവർക്കായി നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ചികിത്സയ്ക്ക് ആവശ്യമായ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകുന്നുണ്ട്. ഈ ഇനത്തിൽ 106.99 കോടി രൂപയാണ് ചികിത്സാധനസഹായമായി വിതരണം ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കായി 6.89 കോടി രൂപയും ധനസഹായം നൽകി. അപകട മരണം സംഭവിച്ചവരുടെ കുടുംബാംഗങ്ങളെയും സർക്കാർ ചേർത്തുപിടിച്ചു. അവർക്കായി 11 കോടി രൂപ നൽകി. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കായുള്ള ഉജ്ജീവൻ പദ്ധതിയിലൂടെ 60.99 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തു.