11 April, 2025 03:45:57 PM
എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. സീതമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് സത്യപാലൻ തീയിട്ടതാകാമെന്ന സംശയത്തിലേക്ക് എത്തിച്ചത്.