04 April, 2025 07:05:23 PM
കോട്ടയം ജില്ലയുടെ മാലിന്യ നിർമാർജന നേട്ടങ്ങൾ ചർച്ചചെയ്ത് ഓപ്പൺഫോറം

കോട്ടയം: മാലിന്യമുക്ത കേരളം യാഥാർഥ്യമാക്കുന്നതിൽ കോട്ടയം ജില്ല കൈവരിച്ച നേട്ടങ്ങളും ഇനി ചെയ്യാനുള്ള കാര്യങ്ങളും ചർച്ചചെയ്ത് ഓപ്പൺഫോറം. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായാണ് കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.
'മാലിന്യമുക്ത കോട്ടയം: പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും' എന്ന പ്രമേയത്തിൽ നടന്ന ഓപ്പൺഫോറം ജില്ലാകളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജ്ജനം നിത്യജിവിതത്തിന്റെ ഭാഗമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തിലെടുക്കണം. നമ്മുടെ ചുറ്റുപാടുകൾ എങ്ങനെ മാലിന്യമുക്തമാക്കാമെന്ന് ഉയർന്ന പൗരബോധത്തോടെ എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്തം നവകേരളം പ്രചാരണത്തിലൂടെ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കാനായതായി ആമുഖ പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു. തുടക്കത്തിൽ ഹരിതകർമ സേനയെ എതിർത്തവരുണ്ട്. അവർ ഇന്ന് വളരെ അനുഭാവത്തോടെയാണ് ഇവരുടെ പ്രവർത്തനങ്ങളെ കാണുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ അനുപമ, അംഗം സുധാ കുര്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷറഫ് പി. ഹംസ ഇതുവരെ ജില്ലയിൽ നടന്ന മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ നടത്തി. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് മോഡറേറ്ററായിരുന്നു.
ഓപ്പൺഫോറത്തിൽ സംസാരിച്ചവരിൽനിന്ന് മാലിന്യം ഇല്ലാതാക്കുന്നതു സംബന്ധിച്ച് ക്രിയാത്മക നിർദ്ദേശങ്ങളുയർന്നു. മാലിന്യത്തിനെതിരേ സർക്കാർ നടത്തുന്ന പ്രചാരണം വലിയ വിജയമാണെന്നും ഇതിന്റെ സന്ദേശം മുഴുവൻ ജനങ്ങളിലുമെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും മണർകാട് സെന്റ് മേരീസ് കോളജ് മുൻ പ്രിൻസിപ്പലും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് സെക്രട്ടറിയുമായ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു. മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനുമായി സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങളുടെ കൃത്യമായ പരിപാലനത്തിന് ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വഴികളിലും പൊതുസ്ഥലങ്ങളിലും മുറുക്കിത്തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും തടയാൻ ശക്തമായ നടപടികളുണ്ടാകണമെന്ന് റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള പറഞ്ഞു.
സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന കേന്ദ്രങ്ങളുണ്ടെങ്കിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം വലിയൊരളവുവരെ കുറയ്ക്കാനാകുമെന്ന് ബേക്കേഴ്സ് അസോസിയേഷൻ പ്രതിനിധി സി.പി. പ്രേംരാജ് പറഞ്ഞു.
ശുചിത്വബോധവത്കരണം ചറിയ കുട്ടികളിൽനിന്ന് തുടങ്ങണമെന്ന് അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അഭിപ്രായപ്പെട്ടു. മാലിന്യനിർമാർജനമടക്കമുള്ള കാര്യങ്ങൾ കുട്ടികളുടെ പാഠഭാഗമാക്കണമെന്ന് ബി.സി.എം. കോളേജ് അധ്യാപിക സിസ്റ്റർ രമ്യ സൈമൺ അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ശുചീകരണം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കേരള സോഷ്യൽ സർവീസ് ഫെഡറേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ സജോ ജോയി അഭിപ്രായപ്പെട്ടു. ലൈബ്രറി കൗൺസിലിനു കീഴിലുള്ള ജില്ലയിലെ 224 ലൈബ്രറികളെ ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചതായി ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ഡി. ശിവൻ പറഞ്ഞു.
ഖരമാലിന്യം പോലെതന്നെ പ്രാധാന്യമുള്ളതാണ് ദ്രവമാലിന്യമെന്നും കക്കൂസ് മാലിന്യം ജലാശയങ്ങളിലേക്കു തള്ളുന്നതടക്കമുള്ള കാര്യങ്ങൾ തടയണമെന്നും കില ഫാക്കൽറ്റി അംഗം വി.ടി. കുര്യൻ പറഞ്ഞു.
വീടിനു സമീപമുള്ള തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ ഇതൊഴിവാക്കാൻ ഈ പ്രദേശത്ത് പൂന്തോട്ടമൊരുക്കിയ അനുഭവം കട്ടച്ചിറ സ്വദേശി മാത്യു കാക്കനാട് പങ്കുവെച്ചു.