02 April, 2025 08:36:04 PM


മാലിന്യമുക്ത നവകേരളം; ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന് ഒരുക്കങ്ങളായി



കോട്ടയം:  ഏപ്രിൽ ഏഴിന് നടക്കുന്ന മാലിന്യമുക്ത നവകേരളം ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന് ഒരുക്കങ്ങളായി. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സഹകരണ - തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപനം നടത്തും. എം.പി.മാരും എം.എൽ.എ.മാരുമടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കളക്‌ട്രേററ്റ് പരിസരത്തുനിന്ന് തിരുനക്കരയിലേക്ക് ശുചിത്വസന്ദേശ റാലി നടത്തും. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശസ്ഥാപന ഭരണകർത്താക്കൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. റാലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്ലോക്കുകൾക്ക് സമ്മാനങ്ങൾ നൽകും.

തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കലാലയങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, ടൗണുകൾ, പൊതു ഇടങ്ങൾ എന്നിവയുടെ ഹരിത പദവി പ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിലാണ് ജില്ലാതല പ്രഖ്യാപനം നടത്തുന്നത്. മികച്ച ഹരിത മാതൃകയുടെ അവതരണം, വിവിധ പുരസ്‌കാരങ്ങളുടെ വിതരണം, പ്രഖ്യാപനത്തിന്റെ സ്മാരകമായി പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ആർട്ട് ഇൻസ്റ്റലേഷൻ എന്നിവയും നടത്തും. ജില്ലയിലെ 1114  വിദ്യാലയങ്ങളും 128 കലാലയങ്ങളും 4338  ഓഫീസുകളും 15202 അയൽക്കൂട്ടവും 20 വിനോദ സഞ്ചാരകേന്ദ്രവും 135 ടൗണുകളും 68 പൊതുസ്ഥലങ്ങളും ഹരിതപദവി കൈവരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921