30 March, 2025 08:47:22 AM


കോട്ടയം ജില്ലയിൽ എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ശക്തം; നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി



കോട്ടയം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 156 കിലോയുടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇവ തുടർനടപടികൾക്കായി നഗരസഭാ അധികൃതർക്ക് കൈമാറി. കോട്ടയം മാർക്കറ്റ് മേഖലയിലെ എം.എൽ. റോഡിൽ അഭിലാഷ് തിയേറ്ററിന് പിന്നിൽ പ്രവർത്തിച്ചുവരുന്ന കോട്ടുമല ട്രേഡ്ലിങ്ക്സ് എന്ന സ്ഥാപനത്തിൽനിന്ന്  പേപ്പർ കപ്പ്, പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ ലീഫ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പിടികൂടിയത്.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2025 ജനുവരി മുതൽ മാർച്ച് 29 വരെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ 372 പരിശോധനകളിൽ നിന്നായി 8,93,000 രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ, ജില്ലാ ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക ഉദ്യോഗസ്ഥൻ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് സ്‌ക്വാഡിലുള്ളത്. വരും ദിവസങ്ങളിൽ ജില്ലാ സ്‌ക്വാഡിനുപുറമേ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജിലൻസ് സ്‌ക്വാഡിന്റെയും ബ്ലോക്കുതല ഐ.വി.ഒ. സ്‌ക്വാഡിന്റെയും നിരീക്ഷണം ജില്ലയിൽ ശക്തമാക്കുമെന്ന് ജില്ലാ ശുചിത്വമിഷൻ അധികൃതർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K