28 March, 2025 07:59:33 PM


ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്



ഏറ്റുമാനൂർ: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 47 ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. കേസിൽ നാല്പതോളം സാക്ഷികളും 32 തെളിവുകളുമാണുള്ളത്. ഇരകളായ ആറ് വിദ്യാർത്ഥികളാണ് പ്രധാന സാക്ഷികൾ.

വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രധാനതെളിവായി കോടതിയിൽ സമർപ്പിച്ചു. പഴുതടച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് ഗാന്ധിനഗർ സിഐ ടി ശ്രീജിത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അഞ്ച് പ്രതികളാണുള്ളത്. മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ ജോൺസൺ, വയനാട് നടവയൽ സ്വദേശി എൻ എസ് ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, കോട്ടയം കോരുത്തോട് സ്വദേശി എൻ വി വിവേക് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളായ 5 പേരും നിലവിൽ റിമാൻഡിലാണ്.

കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. കേരള മനസാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് കേസ്.

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള പീഡനം ആയിരുന്നു കുട്ടികൾ നേരിട്ടത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളും അതിൽ ഉണ്ട്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായും പകർത്തിയ ദൃശ്യങ്ങളിൽ കാണാം. ഇതെല്ലാം പ്രധാന തെളിവുകളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953