18 March, 2025 05:00:44 PM
പഞ്ചായത്ത് ഓഫീസ് അടിച്ച് തകർത്ത് വീട്ടമ്മ; സ്ഥിരം പ്രശ്‌നക്കാരിയെന്ന് പൊലീസ്

കോട്ടയം: കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് വീട്ടമ്മ അടിച്ച് തകര്‍ത്തു. മുട്ടേല്‍ സ്വദേശിനി ശ്യാമളയാണ് അതിക്രമം നടത്തിയത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. കോട്ടയം വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശ്യാമളയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ശ്യാമളയുടേതായി ഫയലുകളൊന്നും പരിഗണിക്കാനില്ല. ഓഫീസില്‍ ഇടയ്ക്ക് എത്തുന്ന ഇവര്‍ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായും പരാതിയുണ്ട്. നിരന്തരം പഞ്ചായത്തില്‍ എത്തി ശ്യാമള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ മുന്‍പ് പെലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ വൈകിട്ട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.