14 March, 2025 03:47:51 PM


ആമ്പൽ വസന്തത്തിലേക്ക് അതിവേഗമെത്താം; മലരിക്കലിൽ പുത്തൻറോഡ് പൂർത്തിയായി

കാഞ്ഞിരം - മലരിക്കൽ റോഡ് അഞ്ചുകോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ചു



കോട്ടയം: ആമ്പൽ വസന്തത്തിലേക്ക് ഇനി അതിവേഗമെത്താം. കുരുക്കും കുഴികളുമില്ലാതെ ഇരുവശത്തേക്കും സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തിൽ മലരിക്കലേയ്ക്കുള്ള വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം. 

മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ മഴക്കാലത്തു ഗതാഗത തടസവും ഉണ്ടാകാറുണ്ട് . ഈ പ്രശ്‌നങ്ങൾക്കാണ് റോഡ് ഉയർത്തി ആധുനികരീതിയിൽ പണിതീർത്തു ശാശ്വത പരിഹാരമൊരുക്കിയത്. 

 മലരിക്കലെ ആമ്പൽ വസന്തത്തിന്റെ പ്രശസ്തിക്കൊപ്പം ഗ്രാമീണ ടൂറിസം സാധ്യതകളും ചടുലവേഗത്തിൽ വളർന്നതോടെ റോഡ് സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽനിന്ന് ഉയർന്നിരുന്നു. ഇതേത്തുടർന്നാണു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ സർക്കാരിനു പദ്ധതി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നബാർഡ് വഴി അഞ്ചുകോടി രൂപ റോഡ്് നിർമാണത്തിനായി അനുവദിച്ചത്. 
 
വെള്ളപ്പൊക്കത്തെ മറികടക്കാൻ റോഡ് നിലവിലെ മൂന്നര മീറ്ററിൽനിന്ന് അഞ്ച് മീറ്ററായി ഉയർത്തി. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള റോഡ് മാർക്കിംഗ്, ക്രാഷ് ബാരിയർ, സൈൻ ബോർഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

 ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെൽപ്പാടങ്ങളിൽ 2800 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പൽ കൂട്ടമായി വിരിയുന്നത്. തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വർഷാവർഷം നടക്കുന്ന ആമ്പൽ ഫെസ്റ്റ്. ജില്ലയിലെപ്രധാന നെൽകൃഷി പ്രദേശമായതിനാൽ കർഷകർക്കും റോഡ് ഏറെ പ്രയോജനം ചെയ്യും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K