10 March, 2025 07:43:14 PM
ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ്: ആദ്യഘട്ടം വിജയം
-കോട്ടയം ജില്ലയിൽ ശേഖരിച്ചത് 11 ടൺ ഇ-മാലിന്യം -ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്നു ടൺ വീതം കുറിച്ചി പഞ്ചായത്തിൽനിന്ന് അഞ്ചു ടണ്ണിലേറെ

കോട്ടയം: കുമിഞ്ഞുകൂടുന്ന ഇ- മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട. ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി ഹരിതകർമ്മ സേനാംഗങ്ങൾ നീക്കം ചെയ്തത് 11 ടൺ ഇ-മാലിന്യം.
ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്നു ടൺവീതവും കുറിച്ചി ഗ്രാമപ്പഞ്ചായത്തിൽനിന്ന് അഞ്ചുടണ്ണും ഇ-വേസ്റ്റാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നീക്കം ചെയ്തത്. സംസ്ഥാനത്താകെ അഞ്ച് തദ്ദേശസ്ഥാപനങ്ങളെയാണ് ആദ്യഘട്ടം എന്ന നിലയ്ക്ക് ഇ-മാലിന്യം ശേഖരിക്കുന്നതിനായി തിരഞ്ഞെടുത്തത്. അതിൽ മൂന്നെണ്ണം കോട്ടയം ജില്ലയിലേതാണ്. ചങ്ങനാശേരി, വൈക്കം നഗരസഭകളും കുറിച്ചി ഗ്രാമപഞ്ചായത്തും. ബാക്കി രണ്ട് തദ്ദേശസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലേതാണ്.
ഇ- മാലിന്യങ്ങൾക്ക് വില നൽകിയാണ് ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നത്. പിന്നീട് ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്കു കൈമാറും. പരിസ്ഥിതിക്ക് വിനാശകരമായ
ഇ-മാലിന്യങ്ങൾ പരമാവധി റീസൈക്കിൾ ചെയ്യുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
എൽ.സി.ഡി., എൽ.ഇ.ഡി. ടെലിവിഷനുകൾ, റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ കുക്കറുകൾ, വാട്ടർ കൂളർ, ലാപ്ടോപ് തുടങ്ങി 44 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഓരോന്നിനും വില നിശ്ചയിച്ചിട്ടുണ്ട്. തൂക്കം കണക്കാക്കി വില നൽകും.
സി.എഫ്.എൽ ലാമ്പുകൾ, ട്യൂബ് ലൈറ്റുകൾ, മാഗ്നെറ്റിക് ടേപ്പ്, ഫ്ലോപ്പി, ലൈറ്റ് ഫിറ്റിങ്സ് തുടങ്ങിയ ആപത്കര മാലിന്യങ്ങൾക്ക് വില ലഭിക്കില്ല. ഇവ ശേഖരിച്ചുകൊണ്ടുപോകുന്നതിന് അതത് തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് പണം നൽകണം.
ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ നടത്തിയ കളക്ഷൻ ഡ്രൈവിൽ ചങ്ങനാശ്ശേരി നഗരസഭയിലെ 37 വാർഡുകളിൽനിന്നായി 3033.62 കിലോഗ്രാം ഇ-മാലിന്യം നീക്കം ചെയ്തു. ഫെബ്രുവരി 23 മുതൽ 27 വരെ നടന്ന ഡ്രൈവിലൂടെ കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിൽനിന്നായി 5250.1 കിലോഗ്രാം ഇ-മാലിന്യവും നീക്കംചെയ്തു. ഒന്നാം വാർഡിൽ നിന്നുമാത്രം 853 കിലോഗ്രാം ശേഖരിച്ചു. വൈക്കം നഗരസഭയിലെ 26 വാർഡുകളിലായിരുന്നു ഡ്രൈവ്. 3072.836 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ചു. ഫെബ്രുവരി 22 മുതൽ മാർച്ച് 4 വരെയാണ് വൈക്കത്ത് ഡ്രൈവ് സംഘടിപ്പിച്ചത്.