03 March, 2025 06:44:57 PM
പോഷ് ആക്ട്: ഇന്റേണല്‍ കമ്മിറ്റികള്‍ മാര്‍ച്ച് അഞ്ചിനകം രൂപീകരിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗീകാതിക്രമം തടയാനുള്ള പോഷ്(പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ്) നിയു പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്ത ഓഫീസുകളില്‍ മാര്‍ച്ച് അഞ്ചിനകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഴുവന്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായുള്ള പ്രഖ്യാപനം സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ നടത്തും. അതിന്റെ ഭാഗമായി കളക്ട്രേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. പത്തോ അതിലധികമോ ജീവനക്കാരുള്ള ഓഫീസുകളില്‍ സമിതി രൂപീകരിച്ച് വകുപ്പു മേധാവികള്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കണം.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.