27 February, 2025 06:53:47 PM


ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയത്ത് നാളെ മെഗാ സൂംബ നൃത്തപരിപാടി



കോട്ടയം: സംസ്ഥാന സർക്കാരിന്റെ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പദ്ധതിയായ 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദ'ത്തിന്റെ പ്രചരണാർഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 (വെള്ളിയാഴ്ച) വൈകിട്ട് 4.30ന് മെഗാ സൂംബ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. കളക്‌ട്രേറ്റിനു സമീപമുള്ള പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാ സൂംബയിൽ ആരോഗ്യവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുക്കും.

മെഗാ സൂംബയും പൊതുസമ്മേളനവും ആരോഗ്യകുടുംബക്ഷേമ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ സന്ദേശം നൽകും. ക്യാമ്പയിൻ അംബാസിഡർ നിഷ ജോസ് കെ. മാണി വിശിഷ്ടാതിഥി ആകും. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ക്യമ്പയിൻ നോഡൽ ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. പി.എൻ. വിദ്യാധരൻ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസ് എന്നിവർ പ്രസംഗിക്കും.

ലോക അർബുദ ദിനമായ ഫെബ്രുവരി നാലിന് തുടക്കം കുറിച്ച ക്യാമ്പയിൻ അർബുദം നേരത്തേ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.  ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടുവരെ സ്തന, ഗർഭാശയ ഗള കാൻസർ കണ്ടെത്തുന്നതിനായി 30 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി സ്‌ക്രീനിങ് നടത്തുന്നു. ഇതിന്റെ ഭാഗമായി കോട്ടയം സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി  മെഗാ കാൻസർ സ്‌ക്രീനിങ് ക്യാമ്പ് വെള്ളിയാഴ്ച (ഫെബ്രുവരി 28) ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10.00 മണി മുതൽ വൈകിട്ട് മൂന്നര വരെയാണ് ക്യാമ്പ് . സ്‌ക്രീനിങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ ആധാർ കാർഡ് കൂടെ കരുതേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K