26 February, 2025 03:31:29 PM
കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍

കോട്ടയം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. പാർട്ടി സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു സജിയുടെയും കൂട്ടരുടെയും പാർട്ടി പ്രവേശനം.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നു കേരള കോൺഗ്രസ് ഡെമോക്രാറ്റിക് . സജിയുടെ നീക്കം ബിജെപിക്കും എൻഡിഎ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയായി.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്നു. മോൻസ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സജി കേരള കോൺഗ്രസ് വിട്ടത്. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി രാജിവെച്ചിരുന്നു. പാർട്ടിയിൽ മോൻസ് ജോസഫിന്റെ പീഡനം മൂലമാണ് തന്റെ രാജിയെന്നായിരുന്നു സജി മഞ്ഞക്കടമ്പൻ പറഞ്ഞത്. തുടന്ന് എൻഡിഎയുടെ ഭാഗമായി.തൃണമൂൽ കോൺഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന.