17 February, 2025 05:58:05 PM


ബാലാവകാശ കമ്മീഷൻ സിറ്റിംഗ്; 19 പരാതി തീർപ്പാക്കി

- സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ



കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സിറ്റിംഗ് നടത്തി.  പരിഗണിച്ച 32 കേസുകളിൽ 19 എണ്ണം തീർപ്പാക്കി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ജലജമോൾ, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയർന്നു വന്നത്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മീഷനു മുന്നിൽ വന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക് കാര്യങ്ങളിൽ അല്ലാതെ പി.ടി.എ.യും എസ്.എം.എസി.യും അമിത ഇടപെടൽ നടത്തുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
ബാലവകാശ സംരക്ഷണനിയമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ താഴേതട്ടുവരെ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതായി കമ്മീഷനംഗങ്ങൾ പറഞ്ഞു. പൊതുസമൂഹവും കുട്ടികളുടെ സുരക്ഷിതത്വത്തിനായി മുന്നോട്ടുവരണമെന്ന് കമ്മീഷനംഗം അഡ്വ. ജലജമോൾ പറഞ്ഞു. 13 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പോലീസുദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, നിയമവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K