16 February, 2025 10:41:20 AM
'കോട്ടയം ഇനി കളറാകും': എം സി റോഡിൽ മാലിന്യത്തിന് വിട; പകരം പൂച്ചെടികൾ

കോട്ടയം: വലിച്ചെറിയൽ വിമുക്ത എംസി റോഡ് പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം മുതൽ ഗാന്ധിനഗർ പത്തടിപ്പാലം വരെയുള്ള ഭാഗം സൗന്ദര്യവൽക്കരിക്കാൻ തീരുമാനിച്ചു.
കോട്ടയം നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗം ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ജി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ജയചന്ദ്രൻ, ജോസ് പള്ളിക്കുന്നേൽ, എൻ എൻ വിനോദ്, എം എ ഷാജി, എം എസ് വേണുക്കുട്ടൻ, മോളിക്കുട്ടി സെബാസ്റ്റ്യൻ, എബി കുന്നേപറമ്പിൽ, ദീപ മോൾ, എം ടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
മാലിന്യ സംസ്കരണം ജില്ലാ കാമ്പയിൻ സെല്ലിനു വേണ്ടിയുംസൗന്ദര്യവൽക്കരണത്തിനുമായി ജില്ലാ കലക്ടർ നൽകിയ പൂച്ചെടികൾ കില ഫാക്കൽറ്റി സുനു മാത്യു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ നിഷ ടി ജി എന്നിവർ ചേർന്ന് നഗരസഭയ്ക്ക് നൽകി. ഫെബ്രുവരി 28 ഓടെ നഗരസഭയിൽ ഉൾപ്പെടുന്ന എംസി റോഡിന്റെ വിവിധ ഭാഗങ്ങൾ സൗന്ദര്യവൽക്കരിക്കാനാണ് തീരുമാനം.
ദക്ഷിണ കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായി മാറിയ 240 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റേറ്റ് ഹൈവേ 1 എന്ന് അറിയപ്പെടുന്ന എം.സി റോഡ് 1790 ൽ തിരുവിതാംകൂർ ദിവനായിരുന്ന രാജാ കേശവദാസ് നിർമ്മിച്ചതാണ്. 2010ൽ കേരള സർക്കാർ ലോക ബാങ്കിൻ്റെ സഹായത്തോടെ KSTP വഴി പുനരുദ്ധരിച്ച റോഡിൻ്റെ 60 km ദൂരം കോട്ടയം ജില്ലയില 3 മുൻസിപ്പാലിറ്റികളിലൂടെയും 9 പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നു.
ഈ റോഡിൽ ജില്ലയിൽ കൂടി കടന്നു പോകുന്ന ഭാഗം മാലിന്യ മുക്തമാക്കി മനോഹരമാക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. റോഡ് മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതോടൊപ്പം ഇരുവശത്തും പൂച്ചെടികളും മറ്റും വച്ചു പിടിപ്പിച്ച് മനോഹരമാക്കുകയാണ് വരും നാളുകളിൽ.