10 February, 2025 07:13:56 PM


പുതുപ്പള്ളി കളരിക്കല്‍ ക്ഷേത്രത്തിൽ മോഷണം: യുവാവ് അറസ്റ്റിൽ



കോട്ടയം : ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ    യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുറ്റിക്കോണം ഭാഗത്ത് സജിതാ ഭവൻ വീട്ടിൽ (കുമാരനെല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം) സജിത്ത് (41) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി പുതുപ്പള്ളി എള്ളുകാല ഭാഗത്തുള്ള കളരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം എടുക്കുകയും, കൂടാതെ തിടപ്പള്ളിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ താലിയും, പൊട്ടും,ലോക്കറ്റും, ചെയിനും  ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.

ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സജിത്തിന് ഏഴുകോൺ, ചാത്തന്നൂർ, കൊട്ടാരക്കര എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K