07 February, 2025 05:58:16 PM
ക്രിസ്മസ് - പുതുവത്സര ബമ്പർ: രണ്ടാം സമ്മാനമായ ഒരു കോടി നേടി കോട്ടയത്തെ ഓട്ടോ തൊഴിലാളികൾ

കോട്ടയം: ക്രിസ്മസ് - പുതുവത്സര ബമ്പറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി നേടി കോട്ടയം നഗരത്തിലെ ഓട്ടോ തൊഴിലാളികൾ. കോടിമത പള്ളിപ്പുറത്ത് കാവ് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ നാല് ഡ്രൈവർമാർ ചേർന്ന് എടുത്ത എക്സ്.എച്ച് 340460 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായത്.
വാരിശ്ശേരി സ്വദേശിയായ വില്പനക്കാരനിൽ നിന്നാണ് ഓട്ടോഡ്രൈവർമാരായ ബിജു, ഷമീർ, വിനോദ്, പ്രസാദ് എന്നിവർ 100 രൂപ വീതം ഷെയർ ഇട്ട് 400 രൂപക്ക് ക്രിസ്മസ് -പുതുവത്സര ബമ്പർ വാങ്ങിയത്. ഫലം പ്രഖ്യാപിച്ചതിൻ്റെ പിറ്റേ ദിവസം പത്രത്തിൽ നോക്കിയപ്പോൾ നമ്പർ കണ്ണിൽപെട്ടില്ല. മൊബൈലിൽ എടുത്ത ടിക്കറ്റിൻ്റെ ഫോട്ടോ വച്ച് പിന്നീട് വലിയ സമ്മാന തുകകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് രണ്ടാം സമ്മാനം തങ്ങൾക്കാണ് ലഭിച്ചതെന്നുള്ള വലിയ ഭാഗ്യം തിരിച്ചറിഞ്ഞത്.
ടിക്കറ്റ് ഇന്ന് ഉച്ച കഴിഞ്ഞ് കോടിമത സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. സമ്മാനം അടിച്ചതോടെ വലിയ പ്രതീക്ഷകളിലാണ് നാലുപേരും. കടബാധ്യതകൾ തീർക്കണം, വാടകവീട്ടിൽ നിന്നും ചെറുതെങ്കിലും ഒരു സ്വന്തം ഭവനം, കൂലി ഓട്ടോ മാറ്റി സ്വന്തമായി ഓട്ടോറിക്ഷ വാങ്ങണം അങ്ങനെ സാധാരണക്കാരന്റെ വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതുമാകുന്ന സന്തോഷത്തിലാണ് ഇവർ.