03 February, 2025 07:04:49 PM
വനിതാ കാൻസർ നിയന്ത്രണം: ഫെബ്രുവരി നാലു മുതൽ മാർച്ച് എട്ട് വരെ വിപുലമായ ക്യാമ്പയിൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്യാൻസർ കൺട്രോൾ സൊസൈറ്റിയുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. സ്ത്രീകളിലെ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്ന വിപുലമായ പദ്ധതിയാണ് ആരോഗ്യ ആനന്ദം. കാൻസർ ദിനമായ ഫെബ്രുവരി നാലു മുതൽ വനിതാദിനമായ മാർച്ച് എട്ട് വരെയാണ് സംസ്ഥാനത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കായി സ്ത്രീകളിലൂടെ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയുടെ കണ്ടെത്തലിനും ചികിത്സയ്ക്കുമാണ് ക്യാമ്പയിനിൽ പ്രാമുഖ്യം നൽകുന്നത്. 30 മുതൽ 65 വയസുവരെയുള്ള സ്ത്രീകൾക്കിടയിൽ അർബുദത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിച്ച് പരമാവധിപേരെ സ്തന, ഗർഭാശയഗള പരിശോധനകൾക്ക് വിധേയരാക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ക്യാൻസർ കണ്ടെത്തുന്ന 70 ശതമാനത്തിലധികം രോഗികളിലും കാൻസറിന്റെ മൂന്നും നാലും ഘട്ടങ്ങളിലാണ് രോഗം കണ്ടെത്തുന്നതെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. നേരത്തേയുള്ള രോഗനിർണയത്തിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക എന്നതുമാണ് പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
 സ്വമേധായുള്ള പരിശോധനയ്ക്കും നേരത്തേയുള്ള കണ്ടെത്തലിനും സ്‌ക്രീനിങ് അനുകൂല പെരുമാറ്റം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിനൊപ്പം സാമൂഹികമായും സാമ്പത്തികമായും ദുർബല വിഭാഗങ്ങളായവർക്കു സ്‌ക്രീനിങ്ങിനും ചികിത്സയ്ക്കും സാമ്പത്തിക പിന്തുണയും പദ്ധതി ലക്ഷ്യമിടുന്നു.  30-65 വയസിനിടയിലുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവൻ സ്ത്രീകളെയും സ്‌ക്രീനിങ്ങിനു വിധേയമാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും സേവനവും ലഭ്യമാക്കും. സ്‌ക്രീനിങ്ങിന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികരോഗ്യകേന്ദ്രങ്ങളിലും പ്രൈവറ്റ് ക്ലിനിക്കികളിലും സൗകര്യമേർപ്പെടുത്തും. രോഗം നിർണയിക്കപ്പെട്ടവർക്കു കൗൺസലിങ്ങിനുള്ള സൗകര്യമൊരുക്കും.
 ജനകീയ പങ്കാളിത്തത്തോടെയുള്ള തീവ്ര പ്രചാരണ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തൊഴിലിടങ്ങൾ, സ്വയംസഹായസംഘങ്ങൾ, ഗ്രാമസഭകൾ, അങ്കണവാടികൾ,  ഹയർ സെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണങ്ങൾ നടത്തും.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ പി.എൻ. വിദ്യാധരൻ,  ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, കോട്ടയം മെഡിക്കൽ കോളജ്് വൈസ് പ്രിൻസിപ്പൽ ഡോ. വി. അരുൺകുമാർ, ഓങ്കോളജി വിഭാഗം മേധാവി ഡോ. സുരേഷ്‌കുമാർ, പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. പി.എസ്. ശബരീനാഥ്, ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, തദ്ദേശ സ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ച് ഡോ. എച്ച്. ഗോപിനാഥ്, ഡോ. ജോസ് ടിം, പോൾ മാത്യൂ, ജെസ്‌മോൻ ബേബി, പോൾ മാത്യൂ, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ അനു അലക്‌സ്, മെഡിക്കൽ ലാബ് അസോസിയേഷൻ പ്രതിനിധി സ്. രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
                                

 
                                        



