09 January, 2025 07:56:14 PM
വിജ്ഞാന കേരളത്തിനൊപ്പം ചുവടുറപ്പിച്ച് കോട്ടയം ജില്ല
കോട്ടയം: തൊഴിലന്വേഷകരെ തൊഴിലവസരങ്ങളിലേക്ക് നയിക്കാനും അനുയോജ്യമായ തൊഴിലുകളുമായി ബന്ധപ്പെടുത്താനും നൈപുണി പരിശീലനം നൽകാനും ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും തൊഴിൽമേളകളിലൂടെ തൊഴിൽ നൽകാനുമായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നോളജ് എക്കണോമി മിഷന്റെ വിജ്ഞാന കേരളം ജനകീയ കാമ്പയിനിലേക്ക് ചുവടുറപ്പിച്ച് കോട്ടയം ജില്ലയും. വിജ്ഞാനകേരളം കാമ്പയിൻ ജില്ലയിൽ വിപുലമായി വിജയകരമായി നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ അഞ്ചു ലക്ഷം ബിരുദ അവസാനവർഷ വിദ്യാർഥികൾക്ക് തൊഴിലിനോടു ബന്ധപ്പെടുത്തി നൈപുണി പരിശീലനം നൽകുമെന്നും രജിസ്റ്റർ ചെയ്ത 10 ലക്ഷം ഉദ്യോഗാർഥികളിൽ നിന്ന് ഗണ്യമായൊരു വിഭാഗത്തിന് ചിട്ടയായ തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുമെന്നും വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിജ്ഞാനകേരളം ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരു വികസന ജനകീയ യജ്ഞമായി വിജ്ഞാന കേരളം മാറും. 50000 സന്നദ്ധപ്രവർത്തകർ, 20000-30000 പ്രൊഫഷണൽ മെന്റർമാർ, 15000 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം. വിജ്ഞാന കേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് തലത്തിലടക്കം യോഗങ്ങൾ ചേരും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി വിജ്ഞാന കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്യ രാജൻ, എസ്. ബിജു, നഗരസഭാധ്യക്ഷരായ ലൗലി ജോർജ്, പ്രീതാ രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പകുമാരി, മഞ്ജു സുജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അജയൻ കെ. മോനോൻ, അഡ്വ. കെ. അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, എം.എൽ.എ.മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എന്താണ് വിജ്ഞാനകേരളം?
ആഗോളരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് നോളജ് എക്കണോമി മിഷൻ. അഭ്യസ്തവിദ്യരായ കേരളത്തിലെ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലിൽ അവർക്കുള്ള നൈപുണ്യം വർധിപ്പിച്ച് ആഗോള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി അവസരമൊരുക്കുകയാണ് മിഷൻ ചെയ്യുന്നത്. 2021 മുതൽ നടത്തുന്ന ഈ ശ്രമങ്ങളെ വിപുലപ്പെടുത്താനാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ നടപ്പാക്കുക. നോളജ് എക്കണോമി മിഷനും കുടുംബശ്രീയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ നടപ്പാക്കുന്നത്.
തൊഴിലന്വേഷകർക്ക് രജിസ്‌ട്രേഷൻ നടത്താനായി ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്.) എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ 89630 തൊഴിലന്വേഷകർ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
വിജ്ഞാന കോട്ടയം
നോളജ് എക്കണോമി മിഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ജനകീയമായ സംഘടനാരീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി ജില്ലാ വിജ്ഞാനകേരളം കൗൺസിൽ രൂപീകരിക്കും. എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായാത്ത് പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷർ, ജില്ലാ കളക്ടർ, വിവിധ വകുപ്പ് ജില്ലാതല ഓഫീസർമാർ, യുവജനക്ഷേമ ബോർഡ്, അസാപ്, കെയ്‌സ്, മെന്റർമാർ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവർ കൗൺസിൽ അംഗങ്ങളാകും. ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ്, ഇവരെ സഹായിക്കാൻ സജ്ജമാക്കിയ റിസോഴ്‌സ് പേഴ്‌സൺ സംവിധാനം എന്നിവയും നിലവിൽ വരും. ജില്ലാതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുക കൗൺസിലാണ്. എം.എൽ.എ. ചെയർമാനായി നിയമസഭാ മണ്ഡലം തിരിച്ച് കോൺസ്റ്റിറ്റുവൻസി സ്‌കിൽ കൗൺസിലുകൾ രൂപവത്ക്കരിക്കും. ബ്ലോക്ക്/നഗരസഭ അധ്യക്ഷർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, പ്ലെയ്‌സ്‌മെന്റ് ഓഫീസർമാർ, പിഎംയു കോ-ഓർഡിനേറ്റർ, പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാർ, യൂത്ത് വെൽഫയർ ബോർഡ് പ്രതിനിധി, ജോബ് സ്റ്റേഷൻ പ്രതിനിധികൾ എന്നിവരടങ്ങുന്നതാകും ഈ കൗൺസിൽ. ഇതിനു പുറമേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കിൽ സെന്ററുകൾ വരും. ആ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്‌കിൽ സെന്ററാണ് ആസൂത്രണം ചെയ്ത് മേൽനോട്ടംവഹിക്കുക.
സർക്കാരിൽനിന്നു വിരമിച്ച പരിചയസമ്പന്നരായ വിദഗ്ധരും നിലവിലുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകരും പ്രവാസം ഉപേക്ഷിച്ചവരും അടങ്ങുന്ന പ്രൊഫഷണൽ റിസോഴ്‌സ് സംഘമുണ്ടാകും. തൊഴിലന്വേഷകരെ കണ്ടെത്താനും തൊഴിലിനനുസരിച്ചുള്ള പ്രാഥമികതെരഞ്ഞെടുപ്പുകൾ നടത്താനും തൊഴിലന്വേഷകർക്ക് ആവശ്യമായ അഭിമുഖപരിശീലനം തുടങ്ങിയ പിന്തുണസംവിധാനം ഒരുക്കാനും റിസോഴ്‌സ് സംഘം സഹായിക്കും.
കേരള നോളജ് ഇക്കോണമി മിഷൻ നേരിട്ടു സംഘടിപ്പിക്കുന്ന സംവിധാനങ്ങൾ, പ്രാദേശി കസർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിൽവരുത്തുന്ന കാര്യങ്ങൾ, സന്നദ്ധപ്രവർത്തകരുടെയും പ്രൊഫഷണൽ മെന്റർമാരുടെയും പിന്തുണ എന്നിങ്ങനെ പരസ്പരപൂരകമായി പ്രവർത്തിച്ച് തൊഴിലന്വേഷകരെ തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ നടത്തിപ്പിനായി വിവിധ മേഖലയിലുള്ളവർക്ക് പരിശീലനം നൽകി.