22 December, 2024 02:50:53 PM


കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണംവിട്ട കാറിടിച്ചു; ഒരു സ്ത്രീ മരിച്ചു



കോട്ടയം: കോട്ടയത്ത് എംസി റോഡിൽ പള്ളം മാവിളങ്ങിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞായിരുന്നു അനീഷ മരിച്ചത്. 

തിരുവനന്തപുരത്തേക്ക് വന്നിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓൾട്ടോ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ രണ്ടു തവണ തലകീഴായി മറിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ നാട്ടുകാരും നാട്ടുകാരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാഹനത്തിൽ ഉണ്ടായിരുന്ന പീർ മുഹമ്മദ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനിൽക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K