21 December, 2024 05:08:37 PM


മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു- വനിതാ കമ്മീഷൻ



കോട്ടയം: മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിന് കാരണമാകുന്നതായി സംസ്ഥാന വനിതാ കമ്മീഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി.​ആർ.​  മഹിളാമണിയും പറഞ്ഞു. കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ. മാനസികാരോഗ്യം പ്രധാനമാണ്. പക്വതക്കുറവു മൂലം കുടുംബന്ധങ്ങളിൽ വലിയ പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി കേസുകൾ കമ്മീഷനു മുമ്പിലെത്തുന്നുവെന്നും കൗൺസലിങ് അടക്കമുള്ളവയ്ക്ക് നിർദ്ദേശിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ ഉപദ്രവം, അധിക്ഷേപങ്ങൾ, മക്കൾക്ക് സ്വത്ത് എഴുതിക്കൊടുത്തശേഷം സംരക്ഷണം ലഭിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കമ്മീഷനു മുമ്പിലെത്തി. ഒ.എൽ.എക്‌സിലൂടെ ഫ്‌ളാറ്റ് വിൽപ്പനയ്ക്ക് എന്ന പേരിൽ പരസ്യം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പണം തട്ടിയയാളെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. 70 കേസുകളാണ് കമ്മീഷൻ സിറ്റിങിൽ പരിഗണിച്ചത്. ഇതിൽ ആറെണ്ണം തീർപ്പാക്കി. 62 കേസുകൾ മാറ്റിവച്ചു. രണ്ടു കേസുകളിൽ പൊലീസ് റിപ്പോർട്ട് തേടി. കമ്മീഷനംഗങ്ങൾക്കൊപ്പം അഡ്വ. സി.എ. ജോസ്, അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ എന്നിവരും പരാതികൾ കേട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959