19 December, 2024 04:11:27 PM


കുമരകത്ത് ആകാംക്ഷയുടെ വെള്ളപ്പൊക്കം; അറിവിന്‍റെ കരകയറ്റി മോക്ഡ്രിൽ



കോട്ടയം: നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് കുമരകം കവണാറ്റിൻകരയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മോക്ഡ്രി​ൽ. വെള്ളപ്പൊക്ക-പ്രളയ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെയും വെള്ളത്തിൽ വീണുപോകുന്നവരെയും രക്ഷപ്പെടുത്താനും ഉചിതമായ ചികിത്സ ലഭ്യമാക്കാനും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും വകുപ്പുകളും ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫ്) നടത്തുന്ന ദ്രുതനടപടികളാണ് മോക്ഡ്രില്ലിലൂടെ നാട്ടുകാരെ പരിചയപ്പെടുത്തിയത്. ദുരന്തസമാന സാഹചര്യത്തിന്റെ മാതൃക സൃഷ്ടിച്ചാണ് മോക്ഡ്രിൽ അരങ്ങേറിയത്.

വെള്ളപ്പൊക്കത്തിൽ കുമരകം കവണാറ്റിൻകര പാലത്തിനു സമീപം അയ്മനം പഞ്ചായത്തിലെ 30 പേർ ഒറ്റപ്പെട്ടു പോയെന്ന വിവരം രാവിലെ 10ന് കോട്ടയം തഹസിൽദാരായ എസ്.എൻ. അനിൽകുമാറിന് ലഭിക്കുന്നതോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്. വിവരം തഹസിൽദാർ കളക്‌ട്രേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിനെ (ഡി.ഇ.ഒ.സി) അറിയിക്കുന്നു. തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തനത്തിന് നടപടികൾ സ്വീകരിക്കുന്നതിന് പൊലീസ്, അഗ്നിരക്ഷാസേന അടക്കമുള്ള വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നു. പൊലീസും അഗ്നിരക്ഷാസേനയും മോട്ടോർവാഹനം, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളും ജനപ്രതിനിധികളുമടക്കം സംഭവസ്ഥലത്തെത്തുന്നു. പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവർത്തനം ദുഷ്‌ക്കരമായതിനാൽ കൂടുതൽ സേനയുടെ സേവനം ആവശ്യമാണെന്ന വിവരം രാവിലെ 10.35ന് ഇൻസിഡന്റ് കമാൻഡറായ തഹസിൽദാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ജില്ലാ കളക്ടർ ആവശ്യപ്പെടുന്നു. തുടർന്ന് സർവസജ്ജമായി ദേശീയ ദുരന്തനിവാരണ സേനയുടെ 26 അംഗസംഘം കവണാറ്റിൻകരയിലെത്തുന്നു. റബർ ഡിങ്കി ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി ദേശീയ ദുരന്തനിവാരണ സേന വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ച് കരയിലെത്തിക്കുന്നു. ഇവരിൽ ശാരീരിക അസ്വാസ്ഥ്യം നേരിട്ടവരെ ആംബുലൻസിൽ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിക്കുന്നു, ചികിത്സ നൽകുന്നു. മറ്റുള്ളവരെ സുരക്ഷിതമായി കവണാറ്റിൻകര എ.ബി.എം. ഗവൺമെന്റ് യു.പി. സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുന്നു. 11.47ന് 14 പുരുഷൻമാരും ഒൻപത് സത്രീകളും അഞ്ചു ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടക്കമുള്ള ആൾക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇൻസിഡന്റ് കമാൻഡറായ തഹസിൽദാർ ഡി.ഇ.ഒ.സി.യെ അറിയിച്ചതോടെ മോക്ഡ്രിൽ അവസാനിച്ചു. തുടർന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നയാളെ എങ്ങനെ രക്ഷിക്കണമെന്ന അറിവ് പകർന്ന് എൻ.ഡി.ആർ.എഫിന്റെ മോക്ഡ്രില്ലും നടന്നു.

നാട്ടുകാരും ഹൗസ്‌ബോട്ട് തൊഴിലാളികളും വിദേശികളുമടക്കം നിരവധി പേർ മോക്ഡ്രിൽ കാണാനെത്തി.
പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ നേരിടുന്നതിനായി വിവിധ വിഭാഗം ജനങ്ങൾക്ക് ദുരന്തനിവാരണ ബോധവത്കരണവും പരിശീലനവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ(എൻ.ഡി.ആർ.എഫ്.)  ചെന്നൈ ആരക്കോണത്തെ നാലാം ബെറ്റാലിയനിലെ 26 സേനാംഗങ്ങളാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. അസിസ്റ്റന്റ് കമാൻഡന്റ് ഡോ. ബി.എസ്. ഗോവിന്ദ്, ഇൻസ്പെക്ടർ കപിൽ എന്നിവർ നേതൃത്വം നൽകി. വിവിധ വകുപ്പുകളും ആപ്തമിത്ര സേനയും മോക്ഡ്രില്ലിന്റെ ഭാഗമായി. ഹൗസ് ബോട്ട്, മറ്റിതര ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമായി പരിശീലന-ബോധവത്കരണ പരിപാടിയും കവണാറ്റിൻകര ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സംഘടിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K