16 December, 2024 09:24:14 PM


കെഎസ്എഫ്ഇ മൂലം കോടികള്‍ കടം: വീടും സ്ഥലവും വിറ്റ് ലോട്ടറികച്ചവടം നടത്തുമെന്ന് പ്രവാസി



കോട്ടയം: കെഎസ്എഫ്ഈക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി പ്രവാസി മലയാളി. അതിരമ്പുഴയിലെ മൂക്കന്‍സ് മീന്‍ചട്ടി എന്ന സ്ഥാപനത്തിന്‍റെ ഉടമയും പ്രവാസിയുമായ ആറുമാനൂര്‍ ഇല്ലത്തുപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് ആണ് വ്യത്യസ്ത സമരമുറകളുമായി രംഗത്തെത്തിയത്. കെഎസ്എഫ്ഇ ഇടപാടുകളിലൂടെ ജോര്‍ജും ജ്യേഷ്ഠസഹോദരനും കോടികളുടെ കടക്കാരായി മാറിയതിനെതുടര്‍ന്നാണ് ഈ പോരാട്ടം. ഊള രാജാവ് മൂക്കന്‍ ജോര്‍ജ്ജ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ആദരാഞ്ജലികള്‍ പോസ്റ്റര്‍ ഇട്ടിട്ടാണ് ഇദ്ദേഹം പോരാട്ടത്തിന് ഇറങ്ങിയത്.  


13 ശാഖകളില്‍ നിലവില്‍  ചിട്ടികള്‍ ഉള്ള ജോര്‍ജ് ഇതില്‍ 75 ചിട്ടികളും പിടിച്ചതാണ്. 2 കോടിയുടെ ചിട്ടികള്‍ പിടിക്കാനുമുണ്ട്. 5 ബ്രാഞ്ചുകളിലായി 5 കോടിയ്ക്ക് മുകളില്‍ വാല്യു ഉള്ള 9 വസ്തുക്കള്‍ ജാമ്യം നല്‍കിയിട്ടുണ്ട്. 2021ല്‍ കൊറോണ മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ 9 മാസം ചിട്ടി മുടങ്ങി. തിരിച്ചടവ് കുറക്കാനാണ് ദീര്‍ഘ തവണകളുള്ള 40 ലക്ഷത്തിന്‍റെ ചിട്ടികള്‍ പിടിച്ചിട്ടത്. മൊറോട്ടോറിയം തീര്‍ന്നപ്പോള്‍ കുടിശികയിലേയ്ക്ക് അടയ്ക്കാന്‍ അപേക്ഷ നല്‍കിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിയുന്നതും കെഎസ്എഫ്ഇയുടെ ഭീകരമുഖം ജോര്‍ജിന് നേരെ തിരിയുന്നതും.


മണര്‍കാട് ബ്രാഞ്ചില്‍ ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ 'ഒരു വസ്തു മാത്രമാണ് ഈടു നല്‍കിയിരിക്കുന്നത്' എന്ന് തെറ്റായി ധരിച്ച് കാര്യങ്ങള്‍ നീക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീതപ്പലിശ നഷ്ടപ്പെട്ടു എന്നു മാത്രമല്ല, പലിശയും കൂടി 45 ലക്ഷം രൂപ കൂടുതലായി അടയ്‌ക്കണമെന്നാണ് കെഎസ്എഫ്ഇ ആവശ്യപ്പെട്ടത്. പിന്നാലെ ഇതുസംബന്ധിച്ച് നല്‍കിയ പരാതി 3 വര്‍ഷമായി നല്‍കുന്നു. 1 മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും കോടതിയെ കളിയാക്കുന്ന കണ്ടെത്തലുകളുമായാണ് തീര്‍പ്പു കല്‍പ്പിക്കാനാണ് കെഎസ്എഫ്ഇ ശ്രമിച്ചത്. 


വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിന് മറുപടി ലഭിച്ചപ്പോഴാണ് ജോര്‍ജ് ശരിക്കും ഞെട്ടിയത്. ഈടായി നല്‍കിയ രണ്ട് വസ്തുക്കള്‍ സ്ഥാപനത്തില്‍ കാണ്‍മാനില്ല. ആ വസ്തുവിന്‍റെ റവന്യൂ റിക്കവറി നോട്ടീസ് അയച്ചിട്ടുമില്ല. ഈ ആധാരങ്ങള്‍ കണ്ടുപിടിക്കേണ്ട ബാധ്യതയും ജോര്‍ജിന്‍റെയും സഹോദരന്‍റെയും തലയിലുമായി.


തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വസ്തുവിന്‍റെ വാല്യുവേഷന്‍ കുറവാണ് എന്ന് കളവ് പറയുന്നു. കെ.എസ്.എഫ്.ഇ. തന്നെ 95,60,000/- വാല്യുവേഷന്‍ നിശ്ചയിച്ച വസ്തുവിന് വിവരാവകാശ രേഖയില്‍ 39,85,000/- രൂപ മാത്രമാണ് കാണിച്ചത്. വാല്യു കുറവായതിനാലാണ് ചിട്ടികള്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നും ചിട്ടി പാസാക്കാന്‍ സാധിക്കാത്തതെന്നുമാണ് കെഎസ്എഫ്ഇയുടെ വാദം.


കെ.എസ്.എഫ്.ഇ. ചിട്ടി മൂലം തനിക്കുണ്ടായ നഷ്ടങ്ങള്‍ കോടികളാണെന്ന് ജോര്‍ജ് വെളിപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ കടബാദ്ധ്യതകളുമായാണ് താന്‍ ബിസിനസ്സ് നടത്തുന്നതെന്നും കേരളത്തില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ ആത്മഹത്യ ചെയ്താല്‍ മാത്രമേ വിഷയം ശ്രദ്ധിക്കപ്പെടൂ എന്നതിനോട് വിയോജിപ്പുള്ളതു കൊണ്ടുമാണ് വേറിട്ട രീതിയില്‍ പ്രതിഷേധവുമായി മുന്നോട്ടു വരുന്നതെന്നും ജോര്‍ജ് പറയുന്നു. 'ആന്തൂരിലെ മറ്റൊരു സാജന്‍ ആകാന്‍ തല്‍ക്കാലം  ഉദ്ദേശിച്ചിട്ടില്ല. അഥവാ മറ്റൊരു സാജനാകേണ്ടി വന്നാല്‍ എല്ലാവരെയും അറിയിച്ചിട്ടേ പോകൂ. അതാണ് ആണത്തം. കെഎസ്എഫ്ഇയോട് പൊരുതാനുള്ള പണത്തിനുവേണ്ടി അയര്‍ലണ്ട് വിസ വീണ്ടും പുതുക്കി'.  ജോര്‍ജ് പറയുന്നു.


താന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സമരങ്ങരീതികളും ജോര്‍ജ് വിശദീകരിച്ചു. ആഴ്ചയില്‍ 5 ദിവസം 1 മണിക്കൂര്‍ വീതം പ്രതിഷേധ സൂചകമായി നടക്കും. കേരളത്തിലുള്ളപ്പോള്‍ ഏതെങ്കിലും കെഎസ്എഫ്ഇ. ബ്രാഞ്ചിന്‍റെ മുന്‍പിലും വിദേശത്ത് പോകുമ്പോള്‍ സമരത്തിന്‍റെ വിവരങ്ങളെഴുതിയ ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചുമായിരിക്കും നടത്തം.


തന്‍റെ ഇപ്പോഴത്തെ കടബാദ്ധ്യതകള്‍ പരിഹരിക്കുവാന്‍ കെഎസ്എഫ്ഇക്ക് ഈടു നല്‍കാത്ത 75 ലക്ഷം രൂപ വിലയുള്ള വീടും 4 ഏക്കറോളം നിലങ്ങളും 1000 രൂപ മൂല്യമുള്ള കൂപ്പണടിച്ച് ലോട്ടറിയായി നല്‍കും. അയര്‍ലണ്ടില്‍ പണിയെടുക്കുന്നിടത്തോളം കാലം എല്ലാ മാസവും 5 പേര്‍ക്ക് 5000 രൂപ വെച്ച് 25000 രൂപായും നല്‍കും. തിരഞ്ഞെടുക്കുന്ന 20 പേരെ 5 ദിവസത്തെ 'പട്ടായ ടൂര്‍' നല്‍കി വിദേശത്ത് വച്ച് ഈ നറുക്കെടുപ്പ് നടത്തും. കേസ് നടത്തി നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവരുടെ മുടക്കുമുതല്‍ തിരിച്ചുനല്‍കും. നഷ്ടപരിഹാരം ലഭിക്കുന്നില്ലെങ്കില്‍ മരിക്കുമ്പോള്‍ തന്‍റെ ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ഈ പണം തിരിച്ച് നല്‍കും. 



കെഎസ്എഫ്ഇയുടെ തെറ്റുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ഈടാക്കാന്‍ ഹൈക്കോടതിയില്‍ നിന്നും കമ്മീഷനെ നിയോഗിക്കാന്‍ കേസ് നല്‍കി നഷ്ടം തിട്ടപ്പെടുത്തും. ഇന്ത്യയില്‍ ആദ്യമായി മാനസിക സ്‌ട്രെസ്സിന് കേസ് നല്‍കും. ലോക രാജ്യങ്ങളിലെല്ലാം മാനസിക സ്‌ട്രെസ്സിന് നഷ്ട പരിഹാരം ലഭിക്കും. 81000 കോടിയിലധികം രൂപ വിറ്റു വരവും 680 ബ്രാഞ്ചുകളും 8300 സ്റ്റാഫുകളും 50 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെഎസ്എഫ്ഇയ്ക്ക് 81000 കോടി പോയിട്ട് 8 കോടി രൂപയുടെ ബിസിനസ് നടത്താനുള്ള ബാക്കപ്പ് സംവിധാനം ഇല്ല എന്നതാണ് സത്യം. 


അയര്‍ലണ്ടില്‍ ജോലിയും മറ്റുമായി താമസിച്ചു വരികയായിരുന്ന ജോര്‍ജ് 2018 ല്‍ ഒരു സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് വലിയ ജോലികള്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് ഏറ്റുമാനൂരിലെ കിഴക്കേച്ചിറ ഷാപ്പിലെ റസ്റ്റോറന്‍റ് ഏറ്റെടുത്ത് 'മൂക്കന്‍സ് മീന്‍ചട്ടി' എന്ന പേരില്‍ പുതിയ സംരംഭമാരംഭിച്ചത്. 2022 ല്‍ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ഉണ്ടായ ഏറ്റുമുട്ടലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലൂടെയും ജോര്‍ജ് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. കാപ്പാ ചുമത്തി കോട്ടയത്തുനിന്നും നാടുകടത്തിയ അന്നത്തെ ആ ഗ്യാങ്ങ് തലവനെയാണ് കഴിഞ്ഞദിവസം 308 കിലോ കഞ്ചാവുമായി ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.


ജോര്‍ജും സഹോദരന്‍ ടോം ജോര്‍ജും കെഎസ്എഫ്ഇയുടെ ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ മെയിന്‍, സംക്രാന്തി, അതിരമ്പുഴ, കോട്ടയം മെയിന്‍, കോട്ടയം ഈവനിംഗ്, നാഗമ്പടം, മണര്‍കാട്, എലിക്കുളം, കല്ലറ, പാലാ, ഈരാറ്റുപേട്ട, കൊഴുവനാല്‍ എന്നീ 13 ബ്രാഞ്ചുകളിലായി 20 വര്‍ഷമായുള്ള ഇടപാടുകാരാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K