09 December, 2024 06:46:45 PM


ഭിന്നശേഷിക്കാർക്ക് കോട്ടയം ജില്ലാപഞ്ചായത്തിന്‍റെ സ്കൂട്ടറും ഇലക്ട്രിക് വിൽചെയറും വിതരണം ചെയ്തു



കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതി കൈത്താങ്ങിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള  സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറിന്റെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സമൂഹത്തിൽ ഏറ്റവും വേദനയും കഷ്ടതകളും അനുഭവിക്കുന്നവരെ പൊതുധാരയിലേക്കു കൊണ്ടുവരുമ്പോഴേ യഥാർഥ വികസനം സാധ്യമാകു എന്നു മന്ത്രി പറഞ്ഞു. സാമൂഹികസേവനത്തിനായി വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. അതിദാരിദ്രം ഇല്ലാതാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്ത് ഭാവനാസമ്പന്നമായ പ്രവർത്തികൾക്കു നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യൂ, മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, സുധാ കുര്യൻ, പ്രൊഫ. ഡോ. റോസമ്മ സോണി, പി.ആർ. അനുപമ, ജോസ്‌മോൺ മുണ്ടയ്ക്കൽ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പ്രസംഗിച്ചു.

കൈത്താങ്ങ് പദ്ധതിയിലൂടെ 70 ലക്ഷം രൂപ ചെലവിട്ട് 55 ഗുണഭോക്താക്കൾക്കു സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറും 25 ലക്ഷം രൂപ ചെലവിട്ടു 23 ഗുണഭോക്താക്കൾക്ക് ഇലക്‌ട്രോണിക് വീൽചെയറുമാണ് നൽകിയത്. 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം മുടക്കി 17 ഗുണഭോക്താക്കൾക്കു സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ നേരത്തേ വിതരണം ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950