09 December, 2024 06:35:16 PM


കരുതലും കൈത്താങ്ങും അദാലത്ത്; തടഞ്ഞുവച്ച വിധവാ പെൻഷൻ അനുവദിക്കാൻ നടപടി



കോട്ടയം: തടഞ്ഞുവച്ച വിധവാ പെൻഷൻ ലഭിക്കാൻ നടപടിയായതിന്റെ സന്തോഷത്തിലാണ് കുമാരനല്ലൂർ തണ്ടയിൽ ഓമന. 2023 ജൂലൈ മുതൽ തടഞ്ഞുവച്ചിട്ടുള്ള വിധവാ പെൻഷൻ ലഭിക്കാനായാണ് കരുതലും കൈത്താങ്ങും അദാലത്തിൽ ഓമന അപേക്ഷ നൽകിയത്. അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാനും പെൻഷൻ ലഭ്യമാക്കാനുള്ള സഹായം നൽകാനും കോട്ടയം നഗരസഭാ സെക്രട്ടറിയെ മന്ത്രി വി.എൻ. വാസവൻ ചുമതലപ്പെടുത്തി.

കോട്ടയം നഗരസഭയിലെ താഴത്തങ്ങാടി വാദ്യാൻപറമ്പിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നും പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട്അബ്ദുൾ അസീസ്, നഗരസഭാംഗം ഷേബാ മാർക്കോസ് എന്നിവർ നൽകിയ പരാതിയിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ കോട്ടയം നഗരസഭാ സെക്രട്ടറിയെയും പുറമ്പോക്ക് കൈയേറ്റം പരിശോധിക്കാൻ ഭൂരേഖാ തഹസിൽദാരെയും ചുമതലപ്പെടുത്തി. മംഗരംകലുങ്ക് ഭാഗത്ത് റോഡ് നിർമാണത്തിന്റെ ഭാഗമായി പൊളിച്ച ഓടയുടെ സ്ളാബുകൾ പുനർനിർമിച്ചു നൽകി വീട്ടിലേക്കു വാഹനം കയറ്റാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞൂർ സൗത്ത് ഇടത്തിൽ ഇ.എസ്. വിനോദ് നൽകിയ അപേക്ഷയിൽ അടിയന്തര നടപടിക്ക് പൊതുമരാമത്ത് റോഡുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.

പോക്ക് വരവ് ചെയ്ത് ലഭിക്കുന്നതിനായി സ്ഥലത്തിന്റെ സർവേ പൂർത്തീകരിച്ച് നൽകണമെന്നാവശ്യപ്പെട്ട് വേളൂർ ചെമ്പോലയിൽ സി.വി. തങ്കച്ചൻ നൽകിയ അപേക്ഷയിൽ സർവേ അടിയന്തരമായി നടത്താനും നടപടി സ്വീകരിക്കാനും താലൂക്ക് സർവേ സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. വീടിനു ഭീഷണിയായി നിൽക്കുന്ന അയൽവാസിയുടെ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പനച്ചിക്കാട് ചോഴിയക്കാട് കല്ലുങ്കൽ മധുസൂദനൻ നായർ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953