06 December, 2024 06:54:18 PM
ലോക ഭിന്നശേഷി വാരാചരണം: സമാപനം നടത്തി
കോട്ടയം: ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്‌ലറ്റിക്സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കോട്ടയത്തിന്റെ നേതൃത്വത്തിൽ സി.എം.എസ്. കോളേജ് ഭിന്നശേഷി വിഭാഗവും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ കെ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു.
പരിപാടികളുടെ ഭാഗമായി നടന്ന ദീപശിഖാ പ്രയാണം കോട്ടയം മാൾ ഓഫ് ജോയ് അങ്കണത്തിൽ വെസ്റ്റ് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. പ്രശാന്ത് കുമാർ ഫ്്‌ളാഗ് ഓഫ് ചെയ്തു.
സമഗ്ര ശിക്ഷ കോട്ടയം മികച്ച പരിശീലനം നൽകി സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലും പാരാ അത്‌ലറ്റിക്‌സിലും പങ്കെടുപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കായിക പ്രതിഭകളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന പാരാ അത്‌ലറ്റിക്സ് സീനിയർ പുരുഷ വിഭാഗം ഷോട്ട് പുട്ട് സ്വർണമെഡൽ ജേതാവ് പി. സന്തോഷ് മുഖ്യാതിഥിയായി. എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം, കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ്, ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് സുനിമോൾ, എസ്.എസ്.കെ. പ്രോഗ്രാം ഓഫിസർ ഡോ. എസ്. അനിത, എ.ഇ.ഒ. അനിത ഗോപിനാഥ്. സി.എം.എസ്. കോളജ് സെന്റർ ഫോർ ഡിസബിലിറ്റീസ് സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടർ ബെറ്റി എൽസാ ജേക്കബ്, എൻ.എസ്്.എസ്. കോർഡിനേറ്റർസോണി ജോസഫ്, കോട്ടയം ഈസ്റ്റ് ബിപിസി സജൻ എസ് നായർ, വെസ്റ്റ് ബിപിസി സന്ദീപ് കൃഷ്ണൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എ.പി. സിജിൻ എന്നിവർ പ്രസംഗിച്ചു.