04 December, 2024 08:44:02 PM


സംസ്ഥാനതല ലോക് അദാലത്ത്; ജില്ലാമീഡിയേഷൻ സെന്റർ ഉദ്ഘാടനം ഡിസംബർ ഏഴിന്



കോട്ടയം: സംസ്ഥാനതല ലോക് അദാലത്തിന്റെയും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പുതുതായി ആരംഭിച്ച ജില്ലാമീഡിയേഷൻ സെന്ററിന്റെയും ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഡിസംബർ ഏഴിനു രാവിലെ 11 മണിക്കു നിർവഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

 ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ നിലവിലുള്ള കേസുകൾ മദ്ധ്യസ്ഥ ചർച്ചകളിലൂടെ തീർപ്പാക്കാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ മീഡിയേഷൻ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്. 2000 ചതുരശ്രഅടി യിൽ വിശാലമായ മീഡിയേഷൻ സെന്റർ സൗകര്യമാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനോടനുബന്ധിച്ച് പൂർത്തീകരിച്ചിരിക്കുന്നത്.

 ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പരിഗണനയിലിരിക്കുന്ന തർക്കങ്ങൾ അതിവേഗം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഉപഭോക്തൃകാര്യ വകുപ്പും കേരള ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായാണു ഗ്രാഹക് മധ്യസ്ഥ സമാധാനും ലോക് അദാലത്തും നടത്തുന്നത്. അദാലത്തിൽ നൂറോളം കേസുകൾ പരിഗണിക്കും. അദാലത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0481 2565118 എന്ന നമ്പറിൽ ബന്ധപ്പെടാം.

ചടങ്ങിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്ണൻ ഉപഭോക്തൃസന്ദേശം നൽകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അധ്യക്ഷൻ വി.എസ്് മനുലാൽ,  അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ ബാർ കൗൺസിൽ അംഗം അജിതൻ നമ്പൂതിരി, ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ സജി കൊടുവത്ത്, ഡൊമിനിക് മുണ്ടമറ്റം, അഭിഭാഷകരായ വി.ബി. ബിനു, സി.എസ്. അജയൻ, ജിതേഷ് ജെ. ബാബു, പി. സതീഷ്ചന്ദ്രൻ നായർ, ബി. അശോക്, സണ്ണി ജോർജ് ചാത്തുകുളം, ഭാഗ്യം കൊടുവത്ത്, എസ്.എം. സേതുരാജ്, പി.ഐ. മാണി എന്നിവർ പ്രസംഗിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K