03 December, 2024 05:49:27 PM


ഭാഗ്യക്കുറി ഏജന്‍റുമാർക്കും വിൽപനക്കാർക്കും സൗജന്യ യൂണിഫോം; വിതരണം വ്യാഴാഴ്ച



കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി  ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ  ക്ഷേമനിധി  അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം  ചെയ്യുന്ന പദ്ധതിയുടെ  ജില്ലാതല ഉദഘാടനം ഡിസംബർ അഞ്ച് ഉച്ചകഴിഞ്ഞു രണ്ടിനു തിരുനക്കര ചിൽഡ്രൻസ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ സഹകരണ-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ  എംഎൽഎ  അദ്ധ്യക്ഷത വഹിക്കും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. സംസ്ഥാന ഭാഗ്യക്കുറി  ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ മുഖ്യ പ്രഭാഷണം നടത്തും.  സംസ്ഥാന ഭാഗ്യക്കുറി  ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭാംഗം എസ്. ജയകൃഷ്ണൻ, സംഘടനാഭാരവാഹികളായ ടി.എസ്.എൻ. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ, എ.പി. കൊച്ചുമോൻ, ഒളശ ഗോപാലകൃഷ്ണൻ, എസ്. മുകേഷ് തേവർ, കെ.എം. സുരേഷ് കുമാർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി.എസ്. രജനി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എ.എസ്. പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി.എൻ. മധുസൂദന കൈമൾ എന്നിവർ പ്രസംഗിക്കും. 

2009ൽ രൂപീകൃതമായ കേരള സംസ്ഥാന  ലോട്ടറി ഏജന്റ്‌സ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡ് ഭാഗ്യക്കുറി മേഖലയിൽ ജോലി ചെയ്യുന്ന അൻപതിനായിരത്തിലധികം  പേരുടെ കൂട്ടായ്മയാണ്. കോട്ടയം ജില്ലാ ഭാഗ്യക്കുറി  ക്ഷേമനിധി  ഓഫീസിൽ രണ്ടായിരത്തിൽ അധികം  സജീവ അംഗങ്ങളും 584 പെൻഷൻകാരുമുണ്ട്.  ക്ഷേമനിധിയിൽ അംഗത്വമില്ലാതെ  ലോട്ടറി വിൽപന നടത്തുന്ന 59 വയസ്സിൽ താഴെയുളള ലോട്ടറി വിൽപനക്കാരെ ക്ഷേമനിധി അംഗങ്ങളാക്കുന്നതിനുളള തീവ്രയജ്ഞ പരിപാടി ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ നിന്നും വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര ധനസഹായം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പ്രത്യേക  ചികിത്സ സഹായം, ഓണം ബോണസ്, പെൻഷൻ, കുടുംബ പെൻഷൻ, അംഗപരിമിതർക്ക് മുച്ചക്രവാഹനം, ബീച്ച് അംബ്രല്ല തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K