28 November, 2024 08:38:38 AM
കോട്ടയം ലുലു മാൾ ഡിസംബർ രണ്ടാം വാരം പ്രവർത്തനമാരംഭിക്കും
കോട്ടയം: കോട്ടയം ലുലു മാൾ ഡിസംബർ രണ്ടാം വാരം പ്രവർത്തനമാരംഭിക്കും. ഡിസംബർ 11 മുതലാവും മാൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണിപ്പോൾ. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ കോട്ടയം എം സി റോഡിന് സമീപം മണിപ്പുഴയിലാണ് പുതിയ മാൾ തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ അഞ്ചാമത്തെ ലുലു മാളാണിത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവിൽ സംസ്ഥാനത്ത് മാളുകളുള്ളത്. കോട്ടയത്തെ മാളിന് ജനങ്ങൾക്കിടയിൽ മികച്ച സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കസ്റ്റമേഴ്സിനെ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും പോലെ വലിയ മാൾ അല്ല കോട്ടയത്ത് വരുന്നത്. പാലക്കാടും കോഴിക്കോടും തുറന്നത് പോലുള്ള മിനി മാളാണ് കോട്ടയത്തേത്. 2023 ഡിസംബറിലാണ് സംസ്ഥാനത്തെ ആദ്യ മിനിമാൾ ലുലു ഗ്രൂപ്പ് പാലക്കാട് തുറക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട്ടെ മാളും പ്രവർത്തനമാരംഭിച്ചു. കോട്ടയത്തിന് പിന്നാലെ പെരിന്തൽമണ്ണ, തിരൂർ, കൊട്ടിയം എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പ് തങ്ങളുടെ മിനി മാളുകൾ തുറക്കും.