26 November, 2024 06:51:28 PM


വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ ഓറഞ്ച് ദിന റാലി നടത്തി



കോട്ടയം: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ഡേ കാമ്പയിൻ ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രീതിയിൽ സമൂഹം വളരണമെന്ന് അവർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, ലയൺസ് ക്ലബ്ബ് പി. ആർ.ഒ എം.പി. രമേഷ് കുമാർ, വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു , ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ് , വനിതാ ശാക്തീകരണ ഹബ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ് എന്നിവർ പങ്കെടുത്തു.

കോട്ടയം സി.എം.എസ്. കോളേജ്, ഗവ. പോളിടെക്‌നിക് കോളേജ്, ഡെക്കാത്തലൺ കോട്ടയം, ലയൺസ് ഡിസ്ട്രിക്ട് 318ബി എന്നിവയുടെ സഹകരണത്തോടെയാണ് റാലി നടത്തിയത്. സി. എം. എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സ്‌കിറ്റും പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ കൈ കൊട്ടിക്കളിയും അവതരിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെയാണ് ലോകമെമ്പാടും ഓറഞ്ച് കാമ്പയിൻ നടത്തുന്നത്. 'എപ്പോഴും എല്ലായിടത്തും സുരക്ഷ' എന്നതാണ് ഈ വർഷത്തെ തീം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942