25 November, 2024 06:20:44 PM
രാസലഹരി വിപത്തിനെതിരേ ജാഗ്രത വേണം- മന്ത്രി എം.ബി. രാജേഷ്
കോട്ടയം: ലഹരി മാഫിയയെ നേരിടാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്.സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി എക്സൈസ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ പണികഴിപ്പിച്ച ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചു വരുന്ന രാസലഹരി വിപത്തിനെതിരേ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. രാസലഹരിയുടെ ഉപയോഗം ചെറുപ്പക്കാരെയാണ് ഏറെ ബാധിക്കുക. ലഹരിക്കെതിരെ നിയമപരമായ വഴികൾ മാത്രം പോരാ, വലിയ ബോധവൽക്കരണം വേണം. ലഹരിക്ക് ഇരയാകുന്ന എല്ലാവരെയും കുറ്റവാളികളായല്ല സർക്കാർ കാണുന്നത്. അവരെ രക്ഷപ്പെടുത്തി എടുക്കാനാണ് വിമുക്തി പദ്ധതി നടപ്പിലാക്കിയത്. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു പദ്ധതി ഇല്ല. ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് എക്‌സൈസ് വകുപ്പിന് എല്ലാ ആധുനിക സജ്ജീകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്വർണം നേടിയ ഷെറിൻ പി. ബെന്നി അടക്കമുള്ള കായിക പ്രതിഭകൾക്ക് സ്‌കൂൾ മാനേജർ ടി.എം. നസീർ താഴത്തേടത്ത് ഉപഹാരം നൽകി. വാഴൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് കമ്മിഷണർ എ.ഡി.ജി.പി. മഹിപാൽ യാദവ്, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല ബീഗം, വൈസ് പ്രസിഡന്റ്് ഷിബു ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്തംഗം എ.എച്ച്. ഷിയാസ്, പി.ടി.എ. പ്രസിഡന്റ് ഷൈബു മുഹമ്മദ് പാലക്കാട്ട്, കങ്ങഴ മുസ്ലിം പുതൂർ പള്ളി ചീഫ് ഇമാം ജനാബ് മുഹമ്മദ് റഫീഖ് മൗലവി, കങ്ങഴ മുസ്ലിം പുതൂർ പള്ളി സെക്രട്ടറി ഇസ്മയിൽ മണിയംകുളം, ഹെഡ്മാസ്റ്റർ ടി.എ. നിഷാദ്, പ്രിൻസിപ്പൽ സാജിദ് എ. കരീം എന്നിവർ പ്രസംഗിച്ചു.
ഹൈജമ്പ് പിറ്റ്, ഷട്ടിൽ ബാറ്റ്, കോക്ക്, ഷോട് പുട് , ഹാമ്മർ , മെഡിസിൻ ബോളുകൾ, മസാജിങ് ഉപകരണങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്‌കൂളിന് നൽകി. 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിലുൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിലേക്ക് 11 സെന്റ് സ്ഥലം കൈമാറുന്നതിനു പുതുപ്പറമ്പിൽ മാമ്മൻ ജോസഫ്, ജോൺ ജോസഫ് എന്നിവർ നൽകിയ സമ്മതപത്രം മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ ഏറ്റുവാങ്ങി.
വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ വിന്യസിക്കുന്നതിനുമായി സംസ്ഥാന വിമുക്തി മിഷനുമായി ചേർന്ന് എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഉണർവ്്.