16 November, 2024 03:02:16 PM


നിലവാരമില്ലാത്ത ഉപ്പ്: നിര്‍മാതാക്കള്‍ക്ക് 1.2 ലക്ഷവും വിതരണക്കാർക്ക് ഒരുലക്ഷം രൂപയും പിഴ



കോട്ടയം: ഗുണനിലവാരം ഇല്ലാത്ത ഉപ്പ്  വിൽപനയ്‌ക്കെത്തിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സംഭവത്തിൽ വിതരണക്കാർക്കും ഉൽപാദകർക്കും പിഴ. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ്്ഡ് ക്രിസ്റ്റൽ സോൾട്ട് എന്ന ഉൽപന്നം വിറ്റതിന് ഉൽപാദകരായ ശ്രീ മീനാക്ഷി സോൾട്ട് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് തൂത്തുക്കൂടി എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും, മാർക്കറ്റിങ് നടത്തിയ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സിന് ഒരു ലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും അഡ്ജുഡിക്കേറ്റിങ് ഓഫീസറുമായ ഡി. രഞ്ജിത്ത് പിഴ ഈടാക്കാൻ നിർദേശിച്ചത്.

മറ്റൊരുകേസിൽ ഗംഗ അയഡൈസ്്ഡ് ക്രിസ്റ്റൽ സോൾട്ടിന്റെ ഉൽപാദനം, വിതരണം എന്നിവ നടത്തിയതിന് ബ്രില്ല്യന്റ് സോൾട്ട് റിഫൈനറിൽ തൂത്തുക്കുടി എന്ന സ്ഥാപനം 1,20000 രൂപയും പിഴ ഈടാക്കാനും ഉത്തരവിട്ടു.
ലേബൽ വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയ ഹെർഷേ സോയാമിൽക്കിന്റെ വിൽപന നടത്തിയതിന് ചങ്ങനാശേരി റിലയൻസ് റീറ്റെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന് 25000 രൂപയും ഉൽപാദകരായ ഹെർഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 110000 രൂപയും പിഴയും ഈടാക്കാൻ ഉത്തരവിട്ടു.

 ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശങ്ങൾ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്നു കണ്ടെത്തിയ കോട്ടയം കുമാരനല്ലൂരുള്ള തലശ്ശേരി റസ്റ്ററന്റ് എന്ന സ്ഥാപനത്തിന് 96000  രൂപയും പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശം പാലിക്കാത്തതിനാൽ 60000 രൂപയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് 25000 രൂപയും കൃത്രിമ ഭക്ഷ്യനിറങ്ങൾ സൂക്ഷിച്ചതിന് 4500 രൂപയും പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ളം വെയിലേൽക്കുംവിധം പുറത്ത് സൂക്ഷിച്ചതിന് 2000 രൂപയും പരിശോധന സമയം ഹാജരുണ്ടായിരുന്ന ജീവനക്കാരന് 4500 രൂപയുമാണ് പിഴ ചുമത്തിയത്.

 എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളിൽ ഉൽപന്നം, സംസ്‌കരണം. ഇറക്കുമതി, വിതരണം, വിൽപ്പന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം 2006 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ അനസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K