12 November, 2024 07:54:31 PM
ശബരിമല തീർഥാടകർക്ക് എരുമേലിയിൽ പാർക്കിങ് സൗകര്യമൊരുക്കി ഭവനനിർമാണ ബോർഡ്

കോട്ടയം: ശബരിമല തീർഥാടകർക്ക് എരുമേലി ചെറിയമ്പലത്തിന് സമീപം വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിനായി സംസ്ഥാന ഭവനനിർമാണ ബോർഡ് നടപ്പാക്കുന്ന എരുമേലി വാഹന പാർക്കിങ് പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കേരള സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, ഗ്രാമപഞ്ചായത്തംഗം പി.എ. ഷാനവാസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. വി.ബി. ബിനു, നാട്ടകം സുരേഷ്, ലോപ്പസ് മാത്യു, പി.എ. താഹ, സണ്ണി തോമസ്, ലിജിൻ ലാൽ, അഡ്വ. ജയ്‌സൺ ജോസഫ് ഒഴുകയിൽ, അസീസ് ബഡായിൽ, സംസ്ഥാന ഭവനനിർമാണ ബോർഡംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.എസ്.എച്ച്.ബി. ടെക്‌നിക്കൽ അംഗം വി. ഉണ്ണിക്കൃഷ്ണൻ, ചീഫ് എൻജിനീയർ എസ്. ഗോപകുമാർ എന്നിവർ പങ്കെടുക്കും.
കേരള സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള സ്ഥലത്താണ് പാർക്കിങ് സംവിധാനം ഒരുക്കുക. എരുമേലിയിൽ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണൽ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ഭവനനിർമാണ ബോർഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കിൽ വാഹനപാർക്കിങ് സൗകര്യം ഒരുക്കുന്നത്. താൽക്കാലിക ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഭക്ഷണശാലകൾ, റിഫ്രഷ്‌മെന്റ് സെന്റർ, കഫെറ്റീരിയ, ടോയ്‌ലറ്റ് എന്നിവയും മൂന്നാംഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, കോട്ടേജുകൾ, ഡോർമെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.